kozhikode local

വീട് നിര്‍മാണ സഹായം: മധ്യവയസ്‌ക തട്ടിപ്പു നടത്തിയതായി പരാതി

താമരശ്ശേരി: വീടു നിര്‍മാണത്തിനു സര്‍ക്കാര്‍ സഹായം ലഭ്യമാക്കാമെന്ന പേരില്‍ മധ്യവയസ്‌ക തട്ടിപ്പ് നടത്തിയതായി പരാതി.പുതുപ്പാടിയിലാണ് വീട് നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയത്. താലൂക്കോഫിസ് ജീവനക്കാരിയെന്ന വ്യാജേനയാണ് നിര്‍ധന കുടുംബങ്ങളില്‍നിന്നു പണം കൈക്കലാക്കിയത്. തട്ടിപ്പിനിരയായ അടിവാരം സ്വദേശികള്‍ താമരശ്ശേരി പോലിസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങളായി അടിവാരം, കൈതപ്പൊയില്‍ ഭാഗങ്ങളില്‍ വീടുകയറിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പേര്‍ ഗീത എസ് നായരാണെന്നും താലൂക്കോഫിസ് ജീവനക്കാരിയാണെന്നുമാണ് പരിചയപ്പെടുത്തുന്നത്.
പലപ്പോഴായി വീടിന് ശ്രമം നടത്തിയതും സാങ്കേതിക തടസ്സം നേരിട്ടതും പറയുമ്പോള്‍ സ്ത്രീകള്‍ മറിച്ചൊന്നും ചിന്തിക്കാതെ തങ്ങളെ സഹായിക്കാനായെത്തിയ തട്ടിപ്പുകാരിയെ വിശ്വസിച്ചു. തൊണ്ണൂറ്റി അയ്യായിരം രൂപയാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. പണം ലഭിക്കുന്നതിന്റെ മുന്നോടിയായി പത്തു ശതമാനമായ ഒന്‍പതിനായിരത്തി അഞ്ഞൂറ് രൂപ വീട്ടുകാര്‍ നല്‍കണം. പലരും അഡ്വന്‍സ് തുക സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു.
പണം നല്‍കിയതിനു വിശ്വാസത്തിനായി വീട്ടുകാര്‍ക്ക് നല്‍കിയത് എസ്ടിബി യില്‍ പണം നിക്ഷേപിക്കേണ്ട സ്ലിപ്പ്. ഇതില്‍ കൗണ്ടര്‍ ഫയലില്‍ 9500 മറു വശത്ത് 95000 എന്നും രേഖപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ നികുതി ശീട്ടില്‍ ധന സഹായം പാസായതായി എഴുതി ഒപ്പിട്ടു. ചൊവ്വാഴ്ച രാവിലെ താമരശ്ശേരി ട്രഷറിയിലെത്തി സ്ലിപ്പ് കാണിച്ചാല്‍ പണം ലഭിക്കുമെന്നാണ് പലരെയും അറിയിച്ചത്. നാലുപേര്‍ ചൊവ്വാഴ്ച രാവിലെ പണം കൈപറ്റാനായി ട്രഷറിയിലെത്തി. ബാങ്കിലും താലൂക്കോഫിസിലും തട്ടിപ്പിനിരയായവര്‍ അന്വേഷിച്ചെത്തിയെങ്കിലും എല്ലാവരും കൈമലര്‍ത്തി. സംശയത്തിനിടയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നിര്‍ധന കുടുംബങ്ങള്‍ വെട്ടില്‍ വീഴാന്‍ ഇടയായത്.
Next Story

RELATED STORIES

Share it