വീട്ടുവേലക്കാരെ നിയമിക്കുമ്പോള്‍ കരാര്‍ ഒപ്പിടണം

ദോഹ: വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് ഭരണ വികസന-തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം(എംഎഡിഎല്‍എസ്എ) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമ ഭേദഗതി നടപ്പില്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
വീട്ടുവേലക്കാരെ ആവശ്യമുള്ള വീട്ടുടമകള്‍ ജോലിക്കാരെ നല്‍കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയുമായി മുന്‍കൂട്ടി കരാര്‍ ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. കരാറില്‍ രണ്ടു കൂട്ടരും ഒപ്പിടുന്നതിനൊപ്പം തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് അംഗീകരിക്കുകയും വേണം. കരാര്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തൊഴിലുടമയ്ക്ക് ജോലിക്കാരെ തിരിച്ചു നല്‍കുന്നതിന് അവകാശമുണ്ടായിരിക്കുമെന്നും എംഎഡിഎല്‍എസ്എ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധമായ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമപ്രകാരം തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കും മുമ്പ് തന്നെ തൊഴിലുടമയുമായി കരാര്‍ ഒപ്പിടേണ്ടതുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ കാംപയ്‌ന്റെ ഭാഗമായാണ് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇരു വിഭാഗവും ഒപ്പിടുകയും മന്ത്രാലയം അംഗീകരിക്കുകയും ചെയ്ത കരാറിലെ വകുപ്പുകള്‍ പാലിക്കുന്നതില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി പരാജയപ്പെട്ടാല്‍ തൊഴിലുടമയ്ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കാന്‍ അവകാശമുണ്ടായിരിക്കും. കരാര്‍ ഒരു നിശ്ചിത കാലത്തേക്കുള്ളതായിരിക്കണം. മൂന്ന് മാസത്തെ പ്രബേഷന്‍ പിരീഡ് കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. തൊഴിലാളി ജോലിക്ക് കയറുന്നതു മുതലാണ് പ്രബേഷന്‍ കാലം ആരംഭിക്കുക. തൊഴിലാളി രാജ്യത്തെത്തിയാല്‍ രണ്ടാഴ്ചയ്ക്കകം മെഡിക്കല്‍ ചെക്കപ്പ് നടത്തണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു.
കരാറില്‍ വ്യവസ്ഥകള്‍ ലംഘിക്കുക, തൊഴിലാളി മെഡിക്കലി അണ്‍ഫിറ്റാണെന്ന് വ്യക്തമാവുക, ഏല്‍പ്പിക്കപ്പെട്ട ജോലി ചെയ്യാന്‍ വിസമ്മതിക്കുക, അധികൃതര്‍ ആര്‍പി നിരസിക്കുക തുടങ്ങിയ കാരണങ്ങള്‍ മൂലം മൂന്ന് മാസ കാല പരിധിക്കകം തൊഴിലാളിയെ നാട്ടിലേക്ക് തിരിച്ചയക്കാവുന്നതാണ്.
തൊഴിലുടമ കരാര്‍ പൂര്‍ണമായും വായിക്കുകയും അതിന്റെ പകര്‍പ്പ് സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മൂന്‍കൂര്‍ പേമെന്റ് എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ബില്ലുകള്‍ സൂക്ഷിക്കണം. നിശ്ചയിക്കപ്പെട്ട ജോലി ചെയ്യുന്നതിന് തൊഴിലാളി വിസമ്മതിച്ചാല്‍ അക്കാര്യം തൊഴിലാളിയില്‍ നിന്ന് തിയ്യതി സഹിതം ഒപ്പിട്ട് വാങ്ങണം. മന്ത്രാലയം കരാര്‍ അംഗീകരിക്കുന്നതോടെ കരാര്‍ നടപ്പില്‍ വരുമെന്നും തുടര്‍ന്ന് വിസ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it