Gulf

വീട്ടുവേലക്കാരെ ഒളിച്ചോടാന്‍ സഹായിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു

ദോഹ: സ്‌പോണ്‍സര്‍മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഗാര്‍ഹിക തൊഴിലാളികളെ സഹായിച്ച നിരവധിപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ സഹായത്തോടെ നിരവധി വീട്ടുവേലക്കാര്‍ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് ഒളിച്ചോടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 112 കേസുകളാണ് കഴിഞ്ഞവര്‍ഷം റിപോര്‍ട്ട് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി പേരെ പിടികൂടിയിരുന്നു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീട്ടു ജോലിക്കാരെ പിടികൂടുന്നതിന് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് സംഘം ലഖ്‌വിയ, അല്‍ഫസ എന്നിവരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഗാര്‍ഹിക തൊഴിലാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 റിയാല്‍ പിഴയോ മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷയോ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 15 ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. 20,000 ത്തിനും ഒരു ലക്ഷം റിയാലിനുമിടയിലായിരിക്കും പിഴ.
കഴിഞ്ഞ വര്‍ഷം വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍പ്പെട്ട നിരവധി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ അല്‍സെയ്ദ് പറഞ്ഞു.
നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 5,440 കമ്പനികളേയും 3,460 വ്യക്തിഗത സ്‌പോണ്‍സര്‍മാരേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞതായി പ്രാദേശിക അറബിപത്രം അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ ഇവരെക്കുറിച്ച് നിരവധി പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വിസ തട്ടിപ്പ് കുറയുന്നു
ദോഹ: അനധികൃത വിസ വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായി സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ അല്‍സെയ്ദ് പറഞ്ഞു.
2013ല്‍ വിസയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഉള്‍പ്പെട്ട 184 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ 2014ല്‍ ഇത് 120 ആയി കുറഞ്ഞു.
അനധികൃത വിസക്കച്ചവടത്തിലുള്‍പ്പെട്ട വ്യക്തികളുടെയു ഇടനിലക്കാരുടെയും എണ്ണം 2013ല്‍ 1203 ആയിരുന്നത് 2014ല്‍ 75 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ എണ്ണത്തില്‍ വലിയ കുറവുണ്ടായി. കമ്പനികളുടെ എണ്ണം അഞ്ചായും വ്യക്തികളുടെ എണ്ണം ഏഴായും കുറഞ്ഞു.
അനധികൃത വിസക്കച്ചവടം വലിയൊരു പ്രശ്‌നമാകില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.അനധികൃത വിസക്കച്ചവടത്തിരയായി ഖത്തറിലെത്തി തൊഴിലില്ലാതെ അലയുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it