malappuram local

വീട്ടുമുറ്റത്ത് പുലിയെ കണ്ടെന്ന് വീട്ടമ്മ

പരപ്പനങ്ങാടി: ദിവസങ്ങളായി പരപ്പനങ്ങാടിയിലും പരിസരങ്ങളിലും നിലനില്‍ക്കുന്ന പുലിപ്പേടിക്ക് ആക്കംക്കൂട്ടി, വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി വീട്ടമ്മ. പാലത്തിങ്ങല്‍ കൊട്ടന്തല റോഡില്‍ സ്‌കൂളിന് സമീപമുള്ള നാഫിലയെന്ന വീട്ടമ്മയാണ് അജ്ഞാത ജീവിയെ വീട്ടുമുറ്റത്ത് കണ്ടതായി അറിയിച്ചത്. തിങ്കളാഴ്ച പകല്‍ പതിനൊന്ന് മണിയോടെ മല്‍സ്യം മുറിച്ച വെള്ളം ഒഴിവാക്കാനായി മുറ്റത്തിറങ്ങിയ വീട്ടമ്മ തൊട്ടുമുന്നില്‍ പുലിയെ കണ്ട് വീട്ടിനകത്തേക്ക് ഓടുകയായിരുന്നു.
പിന്നീട് സമീപമുള്ളവരോട് വിവരം പറഞ്ഞു. ഞായറാഴ്ച രാത്രി ഒരു മണിയോടെ ഇതേ സ്ഥലത്തുവച്ച് മറ്റു പലരും പുലിയെ കണ്ട വിവരം അറിയിച്ചിരുന്നെങ്കിലും നാട്ടുകാര്‍ അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീട് വീട്ടമ്മ നേരില്‍ കണ്ടതായി അറിയിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടു. സമീപത്തെ ചില വീട്ടുമുറ്റത്ത് കാല്‍പാടുകള്‍ കണ്ടതായും പറയുന്നു. നാട്ടുകാരും പോലിസും ഏറെ നേരം തിരച്ചില്‍ നടത്തി. കാട്ടുപൂച്ചയോ മറ്റുവല്ല ജീവിയോ ആവാമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. പരപ്പനങ്ങാടിയില്‍ അജ്ഞാത ജീവിയുടെ ആക്രമവും പുലിയാണന്ന വാദവും തുടങ്ങിയിട്ട് മാസങ്ങളായി. ഏകദേശം ഒരു മാസം മുന്‍പ് പുത്തരിക്കല്‍ വിവ നഗറില്‍ കൂട് തകര്‍ത്ത് 30 ലധികം കോഴികളെയും ജയകേരള റോഡില്‍ നാല് ആടുകളെയും അജ്ഞാടജീവി കടിച്ച് കൊന്നിരുന്നു.
ആക്രമം രൂക്ഷമായതോടെ പിടിക്കാനിറങ്ങിയവരുടെ മുന്നില്‍ തന്നെ ജീവിയെ കണ്ടതും പുലിയാണന്ന ദൃക്‌സാക്ഷികളുടെ വാദവും പരപ്പനങ്ങാടിയുടെ കിഴക്കന്‍ മേഖലയെ ഭീതിയിലാക്കുകയായുന്നു. എന്നാല്‍, സമാനമായ സംഭവങ്ങള്‍ അധികൃതരെ അറിയിച്ചിട്ടും പരിശോധന നടത്താനോ ജനങ്ങളുടെ ഭീതിയകറ്റാനോ ബന്ധപെട്ടവര്‍ തയ്യാറായില്ല.
അതിനിടെ കഴിഞ്ഞ ദിവസം രാത്രി മുറിക്കല്‍ റോഡ്, പാലതിങ്ങല്‍ ഭാഗങ്ങളില്‍ വീട്ടുകാരും മറ്റും പുലിയെ കണ്ടന്നറിയിച്ചതോടെയാണ് പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. എന്നാല്‍, കാല്‍പാടുകള്‍ ഏത് ജീവിയുടേതാണന്ന് പറയാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ കെണി വയ്ക്കാമെന്ന ഒഴുക്കന്‍ മട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. പല ഊഹങ്ങളും പരക്കുന്നതോടെ ജനം പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
Next Story

RELATED STORIES

Share it