wayanad local

'വീട്ടുമുറ്റത്തൊരു ബാങ്ക്' പദ്ധതി യാഥാര്‍ഥ്യമായി

കല്‍പ്പറ്റ: കുടുംബശ്രീയുടെ 'വീട്ടുമുറ്റത്തൊരു ബാങ്ക്' പദ്ധതി ജില്ലയില്‍ യാഥാര്‍ഥ്യമായി. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ചെക്കുകള്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വിതരണം ചെയ്തു. ദേശീയ ഗ്രാമീണ ഉപജീവന മിഷനും (എന്‍.ആര്‍.എല്‍.എം.) കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു സി.ഡി.എസുകളില്‍ കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (സി.ഐ.എഫ്.) 25 ലക്ഷവും 10 സി.ഡി.എസുകളിലെ 66 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10 ലക്ഷവുമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.

ഇതിനുപുറമെ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം.) പദ്ധതി പ്രകാരം 20 എ.ഡി.എസുകള്‍ക്ക് 50,000 രൂപ വീതം 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍, ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പ് തുടങ്ങിയവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പരമാവധി 50,000 രൂപ വരെ വായ്പ അനുവദിക്കും. അതി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇല്ലാത്തതിനാല്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാവും.  കൊള്ളപ്പലിശക്കാരുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണങ്ങളില്‍ നിന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതോടെ മോചനമാവും.  സാമ്പത്തിക സഹായം ആവശ്യത്തിന് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുക, സമ്പൂര്‍ണ ബാങ്കിങ് ലിങ്കേജ് ഉറപ്പാക്കുക, തിരിച്ചടവില്‍ സൂക്ഷ്മത ഉറപ്പാക്കുക, കുടുംബശ്രീ തനതു ഫണ്ടിന്റെ വര്‍ധന, സംരംഭകര്‍ക്ക് അയല്‍ക്കൂട്ടം മുഖേന വായ്പ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.കണിയാമ്പറ്റ, പനമരം, മുപ്പൈനാട്, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ സി.ഡി.എസുകള്‍ക്കാണ് കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അനുവദിച്ചത്. 10 സി.ഡി.എസുകളിലെ 66 അയല്‍ക്കൂട്ടങ്ങള്‍ക്ക് 15,000 രൂപ വീതം 10 ലക്ഷം രൂപയുടെ റിവോള്‍വിങ് ഫണ്ടും അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭയിലെ 20 വാര്‍ഡുകള്‍ക്ക് 50,000 രൂപ വീതം 10 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, ഉപസമിതി കണ്‍വീനര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി.  കുടുംബശ്രീ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ്, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ടി എന്‍ ശോഭ, ഡെപ്യൂട്ടി കലക്ടര്‍ കെ കെ വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it