Pathanamthitta local

വീട്ടില്‍ വിദേശമദ്യവും വ്യാജമദ്യവും വില്‍പ്പന; രണ്ടുപേര്‍ അറസ്റ്റില്‍

ചിറ്റാര്‍: വീട്ടില്‍ വിദേശമദ്യവും വ്യാജമദ്യവും വിറ്റ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇതില്‍ പ്രകോപിതരായ വീട്ടുകാര്‍ സമീപവാസിയായ പെണ്‍കുട്ടിയെ വീടുകയറി ആക്രമിച്ചു.
കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്ക് ഭാഗത്ത് മാസങ്ങളായി വീട്ടില്‍ വ്യാജമദ്യവും വിദേശമദ്യവും വിറ്റ കൊണ്ടോത്തറയില്‍ കുഞ്ഞനി എന്ന് വിളിക്കുന്ന രാജേഷ്, ഇയാളുടെ സഹായി അരികിലേത്ത് വീട്ടില്‍ രാജു എന്നുവിളിക്കുന്ന മത്തായി ഏബ്രഹാം എന്നിവരെയാണ് മദ്യം സഹിതം എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഒമ്പതുമണിയോടെ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയതിന് പിന്നാലെ രാജേഷിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് അയല്‍വാസിയായ കടയില്‍ മോഹനന്റെ വീട്ടില്‍ കയറി മകള്‍ സ്വാതി (21)യെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സ്വാതി പരാതി നല്‍കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദനമേറ്റ സ്വാതി പെരുനാട് ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. ചിറ്റാര്‍ പോലീസ് കേസെടുത്തു. സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്ക് ഭാഗം കേന്ദ്രീകരിച്ച് ഏറെനാളുകളായി വ്യാജമദ്യവില്‍പ്പന നടന്നുവരുകയാണ്. ചാരായം പിടിച്ചാലും ഉടന്‍ തന്നെ ഇവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവില്‍പ്പന തുടരുമെന്ന്‌നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിയില്‍ കൂടി നടന്നു പോവാന്‍ കഴിയാത്തവിധം അസഭ്യംപറയുന്നതും പതിവായിരുന്നു.
നാട്ടില്‍ വ്യാജമദ്യവും വിദേശമദ്യവും വില്‍ക്കുന്നുവെന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ ഇന്നലെ ചിറ്റാര്‍ എസ് ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന റെയ്ഡിന് വടശേരിക്കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു എം ബേബി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അന്‍ഷാദ്, ശ്യാംലാല്‍, ശിമില്‍ നേതൃത്വം നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it