Districts

വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

കാഞ്ഞങ്ങാട്: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തോയമ്മലില്‍ ജില്ലാ ആശുപത്രിക്കു സമീപം പരേതനായ നന്ദാലന്‍ രാമചന്ദ്രന്റെ ഭാര്യ ജാനകിയമ്മ (65)യാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം പുറംലോകമറിഞ്ഞത്. കിടപ്പുമുറിയില്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറിയില്‍ രക്തം തളംകെട്ടിനില്‍ക്കുന്നുണ്ട്. സാരികൊണ്ട് കഴുത്ത് മുറുക്കിയും നീളമുള്ള ടോര്‍ച്ച്‌കൊണ്ട് തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അലമാരയും ബാഗും തുറന്ന നിലയിലായിരുന്നു. ബുധനാഴ്ച രാത്രി വീട്ടില്‍നിന്ന് ഉച്ചത്തില്‍ റേഡിയോയുടെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നാല്‍, വെളിച്ചമുണ്ടായിരുന്നില്ല. ഇന്നലെ രാവിലെയും റേഡിയോ നിലയ്ക്കാതെ പ്രവര്‍ത്തിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വാതിലുകള്‍ തുറന്ന നിലയിലായിരുന്നു.
ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, സിഐ യു പ്രേമന്‍, എസ്‌ഐ ബിജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും കണ്ണൂരില്‍നിന്നു ഡോഗ് സ്‌ക്വാഡും തെളിവു ശേഖരിച്ചു. തൃശൂരിലുള്ള മകന്റെ വീട്ടിലായിരുന്ന ജാനകി ഒരാഴ്ച മുമ്പാണ് തോയമ്മലിലെ വീട്ടിലെത്തിയത്.
മക്കള്‍: ഗിരീഷ് (ഡയറക്ടര്‍, ഷെയര്‍വെല്‍സ് കമ്പനി തൃശൂര്‍), ഗീത (സബ്ട്രഷറി നീലേശ്വരം). മരുമക്കള്‍: സുരേഷ് ബാബു (അധ്യാപകന്‍, ജിയുപിഎസ്. അച്ചാംതുരുത്തി), സംഗീത (കരിവെള്ളൂര്‍). സഹോദരങ്ങള്‍: കുഞ്ഞമ്പു, കൃഷ്ണന്‍, മാധവി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
Next Story

RELATED STORIES

Share it