വീടെന്ന സ്വപ്‌നവുമായി യുവ കായിക പ്രതിഭ

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: ടിന്‍ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരക്കു താഴെ ദുരിതജീവിതം പേറി ദേശീയ ഷോട്ട്പുട്ട് താരം. പഠിച്ച സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും അഭിമാനത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കായികതാരം വണ്ടിപ്പേട്ട വലിയപറമ്പില്‍ സനിത സാജനാണ് ദുരിതജീവിതം നയിക്കുന്നത്.
മാര്‍ക്കറ്റിനു സമീപം വണ്ടിപ്പേട്ട തുടങ്ങുന്നിടത്തുനിന്ന് ഒരാള്‍ക്കു മാത്രം കഷ്ടിച്ചു നടക്കാനാവുന്ന ഇരു മതിലുകള്‍ക്കിടയിലൂടെയുള്ള പാതയിലൂടെ ബുദ്ധിമുട്ടി വേണം വീടെന്നു പറയുന്ന പൊട്ടിപ്പൊളിഞ്ഞ ആ ടിന്‍ഷീറ്റുകള്‍ക്കടിയില്‍ എത്താ ന്‍. കൂരയ്ക്കുള്ളില്‍ രോഗിയായ പിതാവിനു കിടക്കാനുള്ള കട്ടില്‍ മാത്രമാണുള്ളത്. നിരവധി മല്‍സരങ്ങളില്‍ പങ്കെടുത്തതിന് ലഭിച്ച ട്രോഫികള്‍ വയ്ക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവതാരം. ആശാ വര്‍ക്കറാണ് മാതാവ് ഓമന. ഒന്നു മുതല്‍ അഞ്ചുവരെ ചങ്ങനാശ്ശേരി സെന്റ് ജെയിംസ് സ്‌കൂളില്‍ പഠിച്ച സനിത അഞ്ചു മുതല്‍ ഏഴുവരെ സെന്റ് ജോസഫ്‌സ് സ്‌കൂളിലും പഠിച്ചു. എട്ടു മുതല്‍ ഒമ്പതുവരെ കോരുത്തോട് സികെഎം സ്‌കൂളിലും പത്താം ക്ലാസ് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലുമായിരുന്നു. കായികമികവു കണ്ട് കായികാധ്യാപകനായ അമര അജിത്കുമാര്‍ പ്ലസ്‌വണ്ണിന് മലപ്പുറം വളയംകുളം എംവിഎം സ്‌കൂളില്‍ ചേര്‍ത്തു. പ്ലസ്2 പഠനത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ പഠനം ഉപേക്ഷിച്ചു.
പിന്നീട് പഠിക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. 2008ല്‍ പാലായില്‍ വച്ചു നടന്ന സംസ്ഥാന മീറ്റിലായിരുന്നു ഷോട്ട്പുട്ടില്‍ 21.75 മീറ്റര്‍ റിക്കോഡ് വിജയം കരസ്ഥമാക്കിയത്. ശേഷം ആര്‍ക്കും ആ റെക്കോഡ് ഭേദിക്കാനായിട്ടില്ല.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഷോട്ട്പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സനിത 2013-14ല്‍ മലപ്പുറത്തു നടന്ന സബ് ജില്ലാ കായിക മല്‍സരത്തില്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഷോട്ട്പുട്ടില്‍ റെക്കോഡും സ്ഥാപിച്ചു. ഹാമര്‍ത്രോയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടി. റാഞ്ചിയില്‍ നടന്ന ദേശീയ മല്‍സരത്തിലും പങ്കെടുത്തു. ഒട്ടനവധി ക്ലബ്ബുകളും മറ്റും നടത്തിയ മല്‍സരങ്ങളിലും നിരവധി ട്രോഫികള്‍ നേടാനായി. മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമെല്ലാം സഹായം അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയെങ്കിലും പരിഹാരമായിട്ടില്ലെന്നും സനിത പറയുന്നു.
Next Story

RELATED STORIES

Share it