വീടു കയറി ആക്രമിച്ചെന്നു പരാതി; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ കേസ്

തിരുവനന്തപുരം: വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രതിയാക്കി മ്യൂസിയം പോലിസ് കേസെടുത്തു. മ്യൂസിയം കനകനഗര്‍ സ്വദേശിയായ അശോകന്റെ പരാതിയിലാണ് കേസെടുത്തത്. കൊടിക്കുന്നിലിനെ ആക്രമിച്ചെന്ന പരാതിയില്‍ അശോകനെതിരേയും കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു.
കനകനഗര്‍ സി-36ലെ താമസക്കാരിയും കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരിയുടെ മകളുമായ ഷീജയും അയല്‍വാസിയായ അശോകനുമായുള്ള തര്‍ക്കത്തില്‍ എംപി മധ്യസ്ഥനായി എത്തിയപ്പോഴാണ് സംഭവം. ഇരുകൂട്ടരും തമ്മില്‍ മാസങ്ങളായി വസ്തുതര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കായി മ്യൂസിയം എസ്‌ഐ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. ഇതിനു മുന്നോടിയായി അനുരഞ്ജനത്തിനാണ് കൊടിക്കുന്നില്‍ സുരേഷ് എത്തിയത്.
എന്നാല്‍, ചര്‍ച്ച വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തുകയായിരുന്നു. ഇതിനിടെ അശോകന്‍ എറിഞ്ഞ കല്ല് എംപിയുടെ മുഖത്തു പതിച്ചു പരിക്കേറ്റു. തുടര്‍ന്ന് അശോകനെയും ഭാര്യ ഗീതയെയും പോലിസ് അറസ്റ്റ് ചെയ്തു. ഗീതയെ അന്നുതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെങ്കിലും അശോകനെതിരേ പോലിസ് വധശ്രമത്തിനു കേസെടുത്തു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംപിക്കെതിരേ പോലിസ് കേസെടുത്തത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും കൈയേറ്റം ചെയ്തതിനുമാണ് കേസ്.
കൊടിക്കുന്നില്‍ സുരേഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊടിക്കുന്നിലിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it