Pathanamthitta local

വീടുകള്‍ നിര്‍മിക്കാന്‍ അനുവദിച്ച ധനവുമായി പ്രമോട്ടര്‍മാര്‍ മുങ്ങി

പത്തനംതിട്ട: കാക്കാത്തിപ്പാറയില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ അനുവദിച്ച ധനവുമായി പ്രമോട്ടര്‍മാരില്‍ രണ്ട് പേര്‍ മുങ്ങി. ഇതിനെ തുടര്‍ന്ന് 15 വീടുകള്‍ അനുവദിച്ചതില്‍ അഞ്ചു വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് ട്രൈബര്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ജില്ലാ കലക്ടറെ അറിയിച്ചു.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാക്കാത്തിപ്പാറ കോളനിയില്‍ സംഘടിപ്പിച്ച ഊരില്‍ ഒരു ദിവസം പരിപാടിയിലാണ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ എ റഹീം ഇത് സംബന്ധിച്ച വെളിപ്പെടുത്തന്‍ നടത്തിയത്.
ആറ് വര്‍ഷം മുമ്പ് കോളനിവാസികള്‍ക്കായി അനുവദിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാവാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രമോട്ടര്‍മാരുടെ സാമ്പത്തിക ചൂഷണത്തിന്റെ ചുരുളഴിയിച്ചത്.
സര്‍ക്കാര്‍ ധനസഹായം കോളനിവാസികളായ ഗുണഭോക്താക്കളിലെത്താതിരുന്നതു മൂലം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പുതിയ അപേക്ഷയുമായി ഇവര്‍ വീണ്ടും ട്രൈബല്‍ വകുപ്പിനെ സമീപിച്ചിരുന്നതായും പറയുന്നു.
ഇതിനിടയിലാണ് കോളനി ദുരിതങ്ങള്‍ നേരിട്ടറിയുവാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോളനിയിലെത്തിയത്.
വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായവുമായി മുങ്ങിയ പ്രമോട്ടര്‍മാരില്‍ ഒരാള്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലയിലെ ഒരു പോലിസ് സ്‌റ്റേഷനില്‍ ജോലി നോക്കുകയാണ്. ഇതിനിടയില്‍ പരാതിയില്‍ ആരോപണ വിധേയനായ പ്രമോട്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അസി. കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, കുടുംബശ്രീ കോ-ഓഡിനേറ്റര്‍ പി എന്‍ സുരേഷ്, അസിസ്റ്റന്റ് ട്രൈബല്‍ ഓഫിസര്‍ രാജീവ്, ഗ്രാമപ്പഞ്ചായത്തംഗം സൂസമ്മ ജേക്കബ്, കോന്നി എസ്‌ഐ വിനോദ്കുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുകു കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it