kannur local

വീടുകളിലെ വൈദ്യുതി ഉപയോഗത്തില്‍ 30 ശതമാനം വര്‍ധനയെന്ന്

കണ്ണൂര്‍: ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തില്‍ 30 ശതമാനത്തിലധികം വര്‍ധനയെന്ന് പഠനം. ലൈബ്രറി കൗണ്‍സില്‍ വനിതകളുടെ വായനാമല്‍സരത്തിന്റെ ഭാഗമായ് ജില്ലയിലെ അയ്യായിരത്തോളം വീടുകളിലെ വൈദ്യുത ഉപയോഗത്തെ കുറിച്ച് സര്‍വേ നടത്തുകയായിരുന്നു. നവംബര്‍, ഡിസംബര്‍ മാസത്തെ വൈദ്യുതി ബില്ലിനെ അപേക്ഷിച്ച് ഭൂരിപക്ഷം പേര്‍ക്കും 20-30 ശതമാനം വര്‍ധന ജനുവരി, ഫെബ്രവരി മാസത്തെ ബില്ലിലുണ്ടായി. മാര്‍ച്ച് ഏപ്രില്‍ ബില്ല് കിട്ടുമ്പോഴെക്കും 10 ശതമാനം കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വീടുകളിലെ വൈദ്യുത ഉപഭോഗം ഈ സമയത്ത് കൂടാന്‍ കാരണം കാലാവസ്ഥയിലെ മാറ്റമാണ്. ഫാനിന്റെ ഉപയോഗത്തിലെ വര്‍ധന, കൃഷിക്കുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അടിക്കുന്നത്, വൈദ്യുതി അടുപ്പ് കൂടെക്കൂടെ ഉപയോഗിക്കുന്നത്, സാധാരണ ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്, ദിവസേന വൈദ്യുതി ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഉപയോഗം കൂടാന്‍ കാരണമായി. 10 വാട്ടിന്റെ എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാല്‍ 100 വാട്ടിന്റെ സാധാരണ ബള്‍ബിന്റെ വെളിച്ചം ലഭിക്കും. ടിവി, കംപ്യൂട്ടര്‍ എന്നിവ ഓഫ് ചെയ്യുമ്പോള്‍ റിമോട്ടില്‍ മാത്രം ഓഫ് ചെയ്യാതെ സ്വിച്ച് ഓഫാക്കിയാല്‍ 5 വാട്ട് വൈദ്യുതി ലാഭിക്കാം. വൈകീട്ട് ആറു മുതല്‍ 10 വരെയുള്ള സമയം വൈദ്യുത ഉപകരണങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുക, ഗുണമേന്‍മയുള്ള വൈദ്യുതി ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക, വീടിനകത്തെ പെയിന്റിങുകള്‍ പരമാവധി വെള്ളയോ ഇളംനിറമോ ആക്കുക, ചൂടാറപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ് എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പഠനത്തി ല്‍ സൂചിപ്പിക്കുന്നുണ്ട്. മേഖലാതല മല്‍സരത്തില്‍ നിന്ന് തിരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ചുള്ള ജില്ലാതല വായനാ മല്‍സരം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിനാ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മുഖ്യതിഥിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ ഊര്‍ജ സംരക്ഷണത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എം മോഹനന്‍, എ പങ്കജാക്ഷന്‍, കെ ജി വല്‍സല കുമാരി, കമലാ സുധാകരന്‍, എം ബാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it