വീടും സ്ഥലവും നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തൊടുപുഴ: വീടും സ്ഥലവും വാങ്ങി നല്‍കാമെന്നു പറഞ്ഞ് പ്രവാസിയില്‍ നിന്നു 89 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പൈനാവ് എക്‌സൈസ് റേഞ്ച് ഓഫിസിലെ ഫ്രാന്‍സിസ് ജോസഫ്(53) ആണ് അറസ്റ്റിലായത്.
അമേരിക്കയില്‍ താമസിക്കുന്ന ഡോ. എബ്രഹാം ഇമ്മാനുവലിന്റെ ഭാര്യ ആശ എബ്രഹാമാണ് പരാതിക്കാരി. ഒരു വര്‍ഷം മുമ്പ് ഫ്രാന്‍സിസ് തൊടുപുഴ മുതലക്കോടത്ത് സ്ഥലം വാങ്ങി നല്‍കാമെന്നു പറഞ്ഞ് ഇവരില്‍ നിന്നു ബാങ്ക് അക്കൗണ്ട് മുഖേന 90 ലക്ഷവും നേരിട്ട് ഒമ്പതു ലക്ഷവും കൈപ്പറ്റി. കഴിഞ്ഞ മാസം ഡോ. എബ്രഹാം മരിച്ചു. ഇതിനിടെ വാങ്ങി നല്‍കാമെന്നു പറഞ്ഞ സ്ഥലം ഫ്രാന്‍സിസ് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു.
ഇക്കാര്യമറിഞ്ഞ ആശ ഫ്രാന്‍സിസിനോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് റേഞ്ച് ഐജിക്ക് പരാതി നല്‍കി. ഐജിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ച ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ ഇ കുര്യന്റെ നേതൃത്വത്തിലുളള സംഘമാണ് ഫ്രാന്‍സിസിനെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തൊടുപുഴ സിജെഎം കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it