kannur local

വീടിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല; ആദിവാസി മൂപ്പന്‍ നിരാഹാരത്തിന്

ഇരിട്ടി: പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച വീടിന് വൈദ്യുതി ലഭിക്കാന്‍ ആദിവാസി മൂപ്പന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ വലിയപറമ്പിന്‍കരി രാജീവ് ദശലക്ഷം കോളനിയിലെ മണിയന്‍ മൂപ്പന്‍ (75) ആണ് സമരത്തിനു തയ്യാറെടുക്കുന്നത്. പഞ്ചായത്ത് അനുവദിച്ച മൂന്നുസെന്റ് സ്ഥലത്താണ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വീടുനിര്‍മിച്ചത്.
വൈദ്യുതി കണക്ഷനായി കെഎസ്ഇബി എടൂര്‍ സെക്ഷനില്‍ അപേക്ഷ നല്‍കി. കണക്ഷന്‍ ലഭിക്കണമെങ്കില്‍ വീടിനു മുകളിലൂടെ പോവുന്ന വൈദ്യുതിലൈന്‍ മാറ്റണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതിന് 3000 രൂപ സര്‍വീസ് ചാര്‍ജായി ഒടുക്കണം. പരാശ്രയമില്ലാതെ ജീവിക്കുന്ന മൂപ്പന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനാണ് ഏക ആശ്രയം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് തനിച്ചാണു താമസിക്കുന്നത്. നാളേക്കകം അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങാനാണ് മണിയന്‍ മൂപ്പന്റെ തീരുമാനം. മൂപ്പന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ സി ചാക്കോയും നിരാഹാരമിരിക്കും.
Next Story

RELATED STORIES

Share it