Kottayam Local

വീടിന്റെ മുറ്റം ഇടിഞ്ഞ് വന്‍ ഗര്‍ത്തം; ആറംഗ കുടുംബം അപകടഭീഷണിയില്‍

കണമല: കഴിഞ്ഞ ദിവസത്തെ മഴയില്‍ മണ്ണൊലിച്ചുപോയി മുറ്റം പൂര്‍ണമായി ഇടിഞ്ഞു താണതോടെ അപകടത്തിന്റെ വക്കിലായിരിക്കുകയാണ് കണമല താന്നിമൂട്ടില്‍ പ്രസാദും കുടുംബവും. ഏതുനിമിഷവും വീട് തകരുമെന്ന സ്ഥിതിയിലാണ്. റോഡ് വികസനത്തിനായി ഉയരത്തില്‍ മണ്‍തിട്ടയിലുള്ള വീട്ടുമുറ്റത്തെ മണ്ണെടുക്കാന്‍ അനുവദിച്ചതാണ് അപകടമായത്. 30 അടിയോളം താഴ്ചയില്‍ മണ്ണിടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. വീടിന്റെ തറയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.
പ്രസാദും അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളുമുള്‍പ്പെടുന്ന കുടുംബം ഭീതിയിലാണ് ഇവിടെ കഴിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് വെള്ളം വീണ് മണ്ണ് ഒലിച്ചുപോയി അപകടമുണ്ടാവാതിരിക്കാനായി നാട്ടുകാര്‍ പടുത വലിച്ചുകെട്ടിയിട്ടുണ്ട്.
റോഡ് വികസനത്തിന് മണ്ണെടുത്ത് നീക്കിയപ്പോള്‍ ഉയരത്തില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കിയില്ല.
കണമല ഇറക്കം ഒഴിവാക്കി ഗതാഗത ക്രമീകരണം നടത്താനായി നിര്‍മിക്കുന്ന ബൈപ്പാസ് റോഡിനുവേണ്ടിയാണ് മണ്ണെടുത്ത് മാറ്റിയത്. നിര്‍മാണം നടക്കുന്ന ഈ റോഡില്‍ നിന്നു ശക്തമായി മലവെള്ള പ്പാച്ചിലാണ്. കല്ലും മണ്ണും ഒഴുകിയെത്തിയാണ് വീടിനോട് ചേര്‍ന്നുള്ളഭാഗം വരെ മുറ്റം പൂര്‍ണമായി ഇടിഞ്ഞു താഴ്ന്നതെന്ന് പ്രസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it