വി ശശി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സിപിഐയിലെ വി ശശി തിരഞ്ഞെടുക്കപ്പെട്ടു. ശശിക്ക് 90ഉം യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന് 45ഉം വോട്ടുകള്‍ ലഭിച്ചു. പി സി ജോര്‍ജ് വോട്ട് അസാധുവാക്കി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ഒന്നും രേഖപ്പെടുത്താതിരുന്ന ജോര്‍ജ്, ഇക്കുറി ബാലറ്റില്‍ എന്തുകൊണ്ട് നോട്ടയില്ല എന്നെഴുതി ഒപ്പിട്ടാണ് പെട്ടിയില്‍ നിക്ഷേപിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചതിലൂടെ പാര്‍ട്ടിയുടെ വിമര്‍ശനമേറ്റ ബിജെപി അംഗം ഒ രാജഗോപാല്‍ ഇന്നലെ സഭയില്‍നിന്നു വിട്ടുനിന്നു. പാലക്കാട്ടെ കുടുംബവീട്ടില്‍ ചടങ്ങിന് പോയതാണെന്നാണ് ബിജെപിയുടെ വിശദീകരണം.
വിദേശത്തായിരുന്നതിനാല്‍ സഭയിലെത്താന്‍ കഴിയാതിരുന്ന യുഡിഎഫിലെ സി മമ്മൂട്ടിക്കും അനൂപ് ജേക്കബിനും വോട്ടുചെയ്യാനായില്ല. എല്‍ഡിഎഫില്‍ നിന്നു ജനതാദള്‍ സെക്കുലറിന്റെ കെ കൃഷ്ണന്‍കുട്ടിയും സഭയിലെത്തിയില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വോട്ട് രേഖപ്പെടുത്തിയില്ല. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി അടക്കം എല്‍ഡിഎഫിന് 92ഉം യുഡിഎഫിന് 47ഉം അംഗങ്ങളാണ്.
ആംഗ്ലോ ഇന്ത്യന്‍ അംഗത്തിനു വോട്ടവകാശമില്ല. ചോദ്യോത്തരവേള കഴിഞ്ഞയുടനെയായിരുന്നു തിരഞ്ഞെടുപ്പ്. നിയമസഭാ സെക്രട്ടറി അംഗങ്ങളുടെ പേരുവിളിക്കുന്നതിന് അനുസരിച്ച് സ്പീക്കറുടെ വേദിയുടെ ഇരുവശത്തുമായി ക്രമീകരിച്ച കാബിനില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം സ്പീക്കറുടെ മുമ്പില്‍ സ്ഥാപിച്ച പെട്ടിയില്‍ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുകയായിരുന്നു.
സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടെണ്ണലില്‍ ഇരുഭാഗത്തെ പ്രതിനിധികളും നിരീക്ഷകരായി. ഫലപ്രഖ്യാപനം നടത്തിയ സ്പീക്കര്‍, ശശിയെ സ്ഥാനമേറ്റെടുക്കുന്നതിനായി ക്ഷണിച്ചു. ചിറയിന്‍കീഴ് എംഎല്‍എയായ വി ശശി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗമാണ്. മുന്‍മന്ത്രി പി കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it