വി വി പ്രകാശിനോട് നിലമ്പൂരില്‍ സജീവമാവാന്‍ കെപിസിസി നിര്‍ദേശം

സമീര്‍ കല്ലായി

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ സജീവമാവാന്‍ വി വി പ്രകാശിനോട് കെപിസിസി ആവശ്യപ്പെട്ടു. ഇതോടെ മണ്ഡലത്തില്‍ പിതാവിന്റെ പിന്‍ഗാമിയാവാമെന്ന ആര്യാടന്‍ ഷൗക്കത്തിന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയായി. കെപിസിസി സെക്രട്ടറി കൂടിയായ വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലക്കാരന്‍ കൂടിയാണ്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിനു മുന്നേ തന്നെ സജീവമാവാനാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടക്കാരന്‍ കൂടിയായ പ്രകാശ് ഇതനുസരിച്ച് മണ്ഡലത്തിലെ വിവിധ പരിപാടികളിലെ സജീവ സാന്നിധ്യമായിട്ടുണ്ട്. അതേസമയം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഈ അണിയറക്കളികള്‍ക്ക് തടയിടാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. തന്റെ പിന്‍ഗാമിയായി മകന്‍ ഷൗക്കത്ത് തന്നെ വരുമെന്നാണ് ആര്യാടന്‍ ഇഷ്ടക്കാരോട് പറയുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഷൗക്കത്ത് ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്നും ശ്രുതിയുണ്ട്. ഡല്‍ഹിയിലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ വഴി ഇത്തരത്തില്‍ നീക്കം നടത്തിയതായും പറയപ്പെടുന്നു.
പാഠം ഒന്ന് ഒരു വിലാപം പോലുള്ള സിനിമകളെടുത്തതിന്റെ പേരില്‍ സാമുദായിക കക്ഷികള്‍ ചേര്‍ന്ന് തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന ഇമേജ് സൃഷ്ടിച്ച് ഇടതു സ്ഥാനാര്‍ഥിയാവാനാണ് ഷൗക്കത്തിന്റെ ശ്രമം. പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയില്‍ പങ്കെടുത്ത് ലീഗിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ചതായി ആര്യാടന്‍ പരസ്യമായി പറയുന്നുണ്ടെങ്കിലും ഇത് ഇലക്ഷന്‍ സ്റ്റണ്ടാണെന്ന അഭിപ്രായമാണ് ലീഗണികള്‍ക്കുള്ളത്. ഷൗക്കത്തും പിതാവിനെപ്പോലെ എക്കാലവും ലീഗ് -സമുദായ വിരുദ്ധ പ്രസ്താവനകളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്.
വി വി പ്രകാശിനെ അവരോധിക്കാനുള്ള വി എം സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നീക്കങ്ങളെ രാഹുല്‍ ഗാന്ധിയുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി തടയിടാമെന്ന പ്രതീക്ഷയും ആര്യാടന്‍ ക്യാംപിനുണ്ട്. ഇതോടെ നിലമ്പൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചേരിതിരിവ് ഉപയോഗപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം. വിമത ഭീഷണി മൂലം പ്രതിസന്ധിയിലായ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിലെ പുതിയ ചേരിതിരിവ് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഉന്നത സിപിഎം നേതാവ് തേജസിനോടു പ്രതികരിച്ചു.
Next Story

RELATED STORIES

Share it