Pathanamthitta local

വി-കോട്ടം അമ്പാടി ഗ്രാനൈറ്റ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

പത്തനംതിട്ട: വി-കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് ഉത്തരവിട്ടു. ക്വാറിക്കെതിരേ സമരം ചെയ്യുന്ന ഗാമരക്ഷാ സമിതിക്ക് വേണ്ടി ശേഖരന്‍ നായര്‍ കൊടുത്ത ഹരജിയിലാണ് ഈ ഉത്തരവ്. ഹരജിക്കാരന് വേണ്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ഹാജരായി.
ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഖനനത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി ട്രിബ്യൂണല്‍ തടഞ്ഞിട്ടുമുണ്ട്. ആറ് ഹെക്ടറുള്ള ക്വാറി നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനത്തിന് വിധേമായി വേണം അനുമതി നേടാന്‍. ഇവര്‍ക്ക് ഈ അനുമതി നേടാന്‍ കഴിഞ്ഞത് ഈ ഒക്‌തോബറിലാണ്. നിയമപ്രകാരം 2006ല്‍ തന്നെ ഈ അനുമതി വേണമായിരുന്നു എന്ന ഹരജിക്കാരുടെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. അന്ന് മുതല്‍ 2015 വരെ ക്വാറി പ്രവര്‍ത്തനം നിയമവിരുദ്ധമായിരുന്നു. ഉത്തരവിനെ തുടര്‍ന്ന് കോന്നി തഹസില്‍ദാര്‍ ക്വാറിക്ക് തടയല്‍ ഉത്തരവ് നല്‍കി. അതേ സമയം ഇവിടെനിന്ന് ചരക്ക് നീക്കുന്നതിന് എതിരെ സമര സമതി രംഗത്തുവന്നു.
ഇത് അനുവദിക്കില്ല. നിയമം ലംഘിച്ച് പൊട്ടിച്ച പാറ കൊണ്ടുപോകാന്‍ സമ്മതിക്കില്ല. തിങ്കളാഴ്ച വഴികള്‍ ഉപരോധിക്കും. സംസ്ഥാന പരിസ്ഥിതി വിലയിരുത്തല്‍ സമിതിയുടെ അനുമതിയെയും ഉത്തരവിനെയും ട്രൈബ്യൂനല്‍ ചോദ്യം ചെയ്തിട്ടുണ്ട്. അനുമതി നല്‍കിയത് ട്രൈബ്യൂണല്‍ പരിശോധിക്കും. തുടിയുരുളിപ്പാറയുടെ പാരിസ്ഥിതിക , പൈതൃക പ്രാധാന്യം വിലയിരുത്തണം. മാത്രമല്ല ഈ പ്രദേശത്ത് വനഭൂമിയും പുറമ്പോക്ക് ഭൂമിയും കൈയ്യേറിയിട്ടുണ്ട് എന്ന വാദവും കോടതി അംഗീകരിച്ചു.
റവന്യൂ ഭൂമി കൈയേറി പാറപൊട്ടിച്ചതിന് അമ്പാടി ഗ്രാനൈറ്റ്‌സ് 4.57 കോടി റവന്യൂവകുപ്പ് നവംബറില്‍ പിഴയിട്ടിരുന്നു.ഗ്രാമരക്ഷാ സമിതിയുടെ പരാതിയെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ പാറഖനനം നടക്കുന്ന തുടിയുരുളിപ്പാറയില്‍ റവന്യൂ അധികൃതര്‍ സര്‍വേ നടത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന നിയമലംഘനമാണ് നടന്നതെന്നും കണ്ടത്തെിയിരുന്നു. പുറമ്പോക്ക് ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന പാറയാണ് പൊട്ടിച്ചുകടത്തിയത്. റവന്യൂ പുറമ്പോക്ക് സ്ഥലത്താണ് അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 30 മീറ്ററോളം ആഴത്തില്‍ പാറഖനനം നടത്തുക വഴി 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയിട്ടുള്ളതായാണ് പറയുന്നത്. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് നല്‍കാറുള്ളത്. ഒരു പരിശോധനകളും നടത്താതെയാണ് സീനിയര്‍ ജിയോളജിസ്റ്റ് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കുന്നതെന്നും റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലയിലെ മിക്ക ക്വാറികളുടെയും പ്രവര്‍ത്തനവും, ക്വാറി ഉടമ നല്‍കുന്ന വ്യാജ സത്യവാങ്മൂലം സ്വീകരിച്ച് നല്‍കുന്ന അനുമതിയുടെ തുടര്‍ച്ചയാണ്.
Next Story

RELATED STORIES

Share it