വി എസ്-അദാനി കൂടിക്കാഴ്ചയില്‍ ദല്ലാള്‍ നന്ദകുമാറും

സ്വന്തം പ്രതിനിധി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണക്കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. വി എസിന്റെ അടുത്തേക്ക് അദാനിയെ ക്ഷണിച്ചു കൊണ്ടുവന്നതും നന്ദകുമാറായിരുന്നു.

അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് നന്ദകുമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. എഴുവര്‍ഷമായി വി എസിനെ അറിയാം. അദാനി ക്ഷണിച്ചിട്ടാണ് വന്നതെന്നും നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. നന്ദകുമാറിന്റെ സാന്നിധ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ താനാരെയും കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസും അദാനിയുമായി നടന്ന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും നന്ദകുമാറായിരുന്നു. സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറുന്നതു വന്‍വിവാദമായിരുന്നു. അതിനു ഇടനിലനിന്നതും നന്ദകുമാറാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം, വി എസുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നു ഗൗതം അദാനി പ്രതികരിച്ചു. അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വി എസ് അച്യുതാന്ദന്റെ കാല്‍തൊട്ടു വന്ദിച്ചാണ് കരണ്‍ ആദരവ് പ്രകടിപ്പിച്ചത്.

തുറമുഖ കരാറിന് എതിരുനില്‍ക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനായാണ് അദാനിയും സംഘവും വി എസിനെ കാണാനെത്തിയത്. തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ വി എസ് അദാനിയെ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടു പോവാം. എന്നാല്‍, പ്രതിപക്ഷം സഹകരിക്കില്ലെന്നും വി എസ് അറിയിച്ചു.

വിഴിഞ്ഞം കേരളത്തിന്റെ വികസന പദ്ധതിയാണ്. അതു നടപ്പാക്കുക തന്നെ വേണം. എന്നാല്‍, വിഴിഞ്ഞത്തിന്റെ പേരില്‍ നടപ്പാക്കാന്‍ പോവുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നു കൂടിക്കാഴ്ചയ്ക്കുശേഷം വി എസ് പറഞ്ഞു. വളരെ ശാന്തമായി പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് അദാനി പറഞ്ഞത്. എന്നാല്‍, അതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it