വി എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം

കുമ്പള (കാസര്‍കോട്): പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട്ട് തുടക്കമായി. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കുമ്പളയില്‍ വി എസ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തെ ഏറ്റവും ജനസമ്മതനായ നേതാവിന് ഉജ്ജ്വല വരവേല്‍പാണു ലഭിച്ചത്. പുലര്‍ച്ചെ നാലരയോടെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലെത്തിയ വിഎസിനെ ഉറക്കമൊഴിഞ്ഞാണ് അണികള്‍ കാത്തിരുന്നത്.
കാസര്‍കോട്ടെ ഇടതുസ്ഥാനാര്‍ഥി ഐഎന്‍എല്ലിലെ ഡോ. എ എ അമീനും ഐഎന്‍എല്‍ നേതാക്കളും ഗസ്റ്റ് ഹൗസില്‍ വിഎസിനെ കാണാനെത്തി. മഞ്ചേശ്വരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി എച്ച് കുഞ്ഞമ്പുവും ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമനും വിഎസിനെ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ചു.
രാവിലെ പത്തോടെ കുമ്പളയിലെ പൊതുയോഗത്തില്‍ സംസാരിച്ച വിഎസ് യുഡിഎഫ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. രാവിലെ ഞാന്‍ ഗസ്റ്റ് ഹൗസില്‍ ഇരിക്കുമ്പോള്‍ വികലാംഗനായ ഒരു യുവാവ് വന്ന് പെന്‍ഷന്‍ ലഭിച്ചിട്ട് 10 മാസമായെന്നു പറഞ്ഞു. ഇതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് വിഎസ് ചോദിച്ചു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും വരുന്ന അഞ്ച് വര്‍ഷത്തില്‍ വിലക്കയറ്റം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്‍കിട-കുത്തക പ്രമാണിമാരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് യുഡിഎഫ്, ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക കലാപങ്ങളും ഇളക്കിവിടുകയാണ് ബിജെപി. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വിദ്യാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. സംസ്ഥാനത്തെ കോഴഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ചാണ് വിഎസ് കുമ്പളയിലെ പ്രസംഗം അവസാനിപ്പിച്ചത്.
പിന്നീട് ഉദുമയിലെ കുറ്റിക്കോലില്‍ വ്യാപാരിവ്യവസായി സമിതിയുടെ വ്യാപാരഭവന്റെ ഉദ്ഘാടനം വി എസ് നിര്‍വഹിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം പാലക്കുന്നില്‍ ഉദുമ സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്തു. പിന്നീട് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചിറ്റാരിക്കാലില്‍ എം രാജഗോപാലിന്റെ പ്രചാരണയോഗവും വിഎസ് ഉദ്ഘാടനം ചെയ്തു.
ഇന്ന് കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. മെയ് മൂന്നുവരെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ വിഎസ് പ്രചാരണത്തിനെത്തും.

Next Story

RELATED STORIES

Share it