വി എം സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക്  നാളെ കാസര്‍കോട്ട് തുടക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ തുടക്കമാവും. കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്തു സമാപിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കു വഴിയൊരുക്കുന്നതിന് പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുകയെന്നതാണ് യാത്രയുടെ ലക്ഷ്യം.
പാര്‍ട്ടിയിലും മുന്നണിയിലും ഉടലെടുത്തിരുന്ന അനൈക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കു കാരണമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയ നിര്‍ദേശപ്രകാരം മുന്നണി- പാര്‍ട്ടി നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരുന്നു. നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ഐക്യകാഹളം മുഴക്കുകയും ചെയ്തു. അതേസമയം, പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ഇപ്പോഴും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ജനരക്ഷാ യാത്രയോടെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. അതേസമയം, സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് ജനരക്ഷാ യാത്രയില്‍ സുധീരന്‍ മറുപടി പറയേണ്ടിവരും.
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്‌ക്കേണ്ടിവന്നതും കെ ബാബുവിനെതിരേയുണ്ടായ കോടതിയുടെ ഇടപെടലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍, മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ പൂട്ടാനിടയായ സാഹചര്യത്തില്‍ സാമ്പത്തികനഷ്ടമുണ്ടായ ബാറുടമകള്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങളാണ് ബാര്‍ കോഴയെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ മദ്യനയം സുപ്രിംകോടതി അംഗീകരിച്ചതും ബാറുടമകളുടെ വാദം തള്ളിയതും നേട്ടമായി യാത്രയില്‍ സുധീരന്‍ ഉയര്‍ത്തിക്കാട്ടും. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ജനരക്ഷാ യാത്രയെ കെപിസിസി ഉപയോഗപ്പെടുത്തും. സുധീരനോടൊപ്പം കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും കേരള യാത്രയ്ക്ക് ഒരുങ്ങുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ കണ്‍വന്‍ഷനുകളും മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നാലു യോഗവും സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it