Middlepiece

വി എം സുധീരനും തിളക്കമാര്‍ന്ന വിജയം!

വി എം സുധീരനും തിളക്കമാര്‍ന്ന വിജയം!
X
slug-madhyamargamകേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമല്ല, കെപിസിസി പ്രസിഡന്റ് വി എം സുധീരനും വിജയിച്ചിട്ടുണ്ട്. തിളക്കമാര്‍ന്ന വിജയം തന്നെയാണ് സമ്മതിദായകര്‍ സമ്മാനിച്ചത്. വി എം സുധീരന്‍ ആശിച്ചതും ഈ വിജയം തന്നെയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അദ്ദേഹം നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരംകൂടിയാണ് ഈ വിജയം എന്നു മനസ്സിലാക്കണം. ഭരണമുന്നണിയുടെ നേതൃത്വപദവിയിലിരിക്കുകയും പ്രതിപക്ഷത്തിന്റെ ഉച്ചഭാഷിണിയും ഉപഗ്രഹവുമായി മാറുകയും ചെയ്ത അഭ്യാസമായിരുന്നു കെപിസിസി പ്രസിഡന്റ് നടത്തിയത്.
ഐക്യജനാധിപത്യ മുന്നണിയുടെ അമരക്കാരനെന്ന നിലയില്‍ സ്വന്തം പ്രതിച്ഛായ നന്നാക്കുന്നതിനുള്ള അവസരമായാണ് തിരഞ്ഞെടുപ്പിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത്. മുന്നണിയില്‍ യാതൊരുവിധ ഏകോപനവും ഉണ്ടായിരുന്നില്ല. പ്രസിഡന്റ് പ്രസംഗപര്യടനവുമായി വടക്കു നിന്നു തെക്കോട്ട് നീങ്ങിയപ്പോള്‍ യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിയുടെ യാത്ര തെക്കു നിന്നു വടക്കോട്ടേക്കായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഒരു ഭാഗത്തേക്കു നീങ്ങിയപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ മറുഭാഗത്തും നിലയുറപ്പിച്ചു. ചാനല്‍ ചര്‍ച്ചകളിലെ പല നേതാക്കളും മല്‍സരരംഗത്ത് വന്നപ്പോള്‍ പകരം ചില നേതാക്കളെ കാണാന്‍ കാഴ്ചക്കാര്‍ക്ക് ഭാഗ്യമുണ്ടായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ വോട്ടെണ്ണുന്ന ദിവസം വരെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കെപിസിസി പ്രസിഡന്റിനു കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ലല്ലോ. അതിനു മുമ്പ് ഒരു മാസം കേരളയാത്രയിലും നിറഞ്ഞുതന്നെ നിന്നിരുന്നു. ഭരണത്തില്‍ എന്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴും ടെലിവിഷന്‍ കാമറകള്‍ കൂട്ടത്തോടെ കെപിസിസി പ്രസിഡന്റിന്റെ മുമ്പില്‍ അണിനിരക്കുന്നത് നിത്യസംഭവങ്ങളായിരുന്നു. യഥാര്‍ഥ പ്രതിപക്ഷനേതാവ് അച്യുതാനന്ദനാണോ സുധീരനാണോ എന്നത് സാധാരണക്കാര്‍ക്ക് പലപ്പോഴും മാറിപ്പോവുമായിരുന്നു.
കോണ്‍ഗ്രസ്സിനും യുഡിഎഫിനും കെപിസിസി പ്രസിഡന്റ് വലിയൊരു സേവനം ചെയ്തിട്ടുണ്ട്. വോട്ടുകള്‍ മറിയാന്‍ അത് പ്രധാന കാരണവുമായി. സ്വന്തം പാര്‍ട്ടിക്കാരായ പലരെയും നേതാക്കളെയും സ്ഥാനാര്‍ഥികളെയും ജനങ്ങളുടെ മുമ്പില്‍ വെറുക്കപ്പെട്ടവരാക്കി മാറ്റി എന്നതാണത്. അഴിമതി എന്ന അക്ഷരത്തിന്റെ അ എന്നു കേട്ടാല്‍ മതി കെപിസിസി പ്രസിഡന്റിന്റെ ചോര തിളയ്ക്കും.
ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെ എം മാണി പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ മാണിസാര്‍ അഴിമതി നടത്തില്ലെന്നു ചാനല്‍ കാമറകള്‍ക്കു മുമ്പില്‍ അദ്ദേഹം പറയുന്നത് കേരളീയര്‍ കേട്ടതാണ്. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രി കെ ബാബുവിനെതിരേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതീവ ഗുരുതരമായ പ്രശ്‌നമാണിതെന്നാണു പ്രസിഡന്റ് പ്രസ്താവിച്ചത്. കോണ്‍ഗ്രസ്സിലെ മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ശക്തമായ എതിര്‍പ്പാണ് പ്രസിഡന്റ് മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്. യഥാര്‍ഥ പ്രതിപക്ഷം പോലും ആരോപിക്കാത്തതരത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ ശ്രമിച്ചത്. ബാര്‍ അഴിമതിയുടെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട മന്ത്രി കെ ബാബു വരെ പരാജയപ്പെട്ടപ്പോള്‍ അതൊക്കെ സുധീരന്റെ വിജയമായി കണക്കാക്കപ്പെടുന്നു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും കെപിസിസി യോഗങ്ങള്‍പോലും പ്രസിഡന്റ് വിളിച്ചുകൂട്ടിയില്ല. തന്റെ അനുയായികള്‍ എന്നറിയപ്പെടുന്ന ആദര്‍ശശാലികളായ ചിലരെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രസിഡന്റ് നന്നായി ഉല്‍സാഹിച്ചിരുന്നു. ചില ആദര്‍ശവാന്‍മാര്‍ക്ക് അങ്ങനെ സീറ്റ് കിട്ടി. അതില്‍ ഒരാളാണ് കോഴിക്കോട് നഗരത്തില്‍ മല്‍സരിച്ച അഡ്വ. പി എം സുരേഷ് ബാബു. ജനകീയ പ്രവര്‍ത്തനം തീരെ കുറവും ആദര്‍ശം കൂടുതലും ഉള്ളതിനാല്‍ അദ്ദേഹത്തിന് 27,000 വോട്ടിനേ തോല്‍ക്കേണ്ടിവന്നിട്ടുള്ളൂ. ഇതൊന്നും വെറും തോല്‍വിയല്ല. ആദര്‍ശതോല്‍വിയായി വിശേഷിപ്പിക്കണം.
ഗ്രൂപ്പ് തര്‍ക്കം കൊടുമ്പിരികൊള്ളുമ്പോഴാണ് സുധീരനെ പ്രസിഡന്റ് പദവിയില്‍ അവരോധിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ മൊത്തവിതരണക്കാരനായി അറിയപ്പെടുന്ന എ കെ ആന്റണിയാണത്രെ ഇദ്ദേഹത്തെ പ്രസിഡന്റ്പദവിയിലേക്ക് കെട്ടിയിറക്കിയത്. വലിയ പ്രതീക്ഷയോടെയാണ് ഹൈക്കമാന്‍ഡ് ഈ പണി ചെയ്തത്. ഇതിന് ഫലമുണ്ടായി. ഗ്രൂപ്പുകളെയല്ല, പാര്‍ട്ടിയെ തന്നെ സംസ്ഥാനത്ത് അദ്ദേഹം ഇല്ലാതാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ അംഗീകൃത പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കെപിസിസി പ്രസിഡന്റിന് അവസരമുണ്ട്. യഥാര്‍ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം വേണ്ടത്ര ലഭിക്കാനിടയില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുത്തിനോവിക്കുമ്പോഴും ഇല്ലാതാക്കുമ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റാം.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് കെപിസിസിയിലും നടത്താന്‍ സുധീരന്‍ തയ്യാറാവുമോ എന്നാണു ചോദ്യം. അങ്ങനെയാണെങ്കില്‍ കെപിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് മല്‍സരം നടക്കട്ടെ. പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ ഇത് അത്യാവശ്യമാണ്. കേരള യാത്രയെ സ്വീകരിക്കാന്‍ വന്ന കോണ്‍ഗ്രസ്സുകാരാണ് വോട്ട് ചെയ്യാനുള്ളതെങ്കില്‍ ഇവിടെയും സുധീരന് തിളക്കമാര്‍ന്ന ജയം ഉണ്ടാവും. തീര്‍ച്ച.
Next Story

RELATED STORIES

Share it