Gulf

വിസ മാറ്റല്‍ സംവിധാനവും മെത്രാഷില്‍

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ മെത്രാഷില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രയോജനം ചെയ്യുന്ന മൂന്നു സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്തി. പുതിയ വിസയിലേക്കു മാറല്‍, നാട്ടില്‍ പോയ കുടുംബം 180 ദിവസം കഴിഞ്ഞാണ് തിരിച്ചു വരുമ്പോഴുള്ള അനുമതി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മാറ്റല്‍ എന്നീ സേവനങ്ങളാണ് മെത്രാഷിലൂടെ ലഭ്യമാക്കിയത്.
ഒരുവിസയില്‍നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി മുതല്‍ മെത്രാഷ് സേവനം പ്രയോജനപ്പെടുത്താം. വര്‍ക്ക് പെര്‍മിറ്റ് വിസയില്‍ വരികയും തൊഴില്‍ കരാര്‍ ഒപ്പിട്ട് ഐഡി കാര്‍ഡ് എടുക്കുകയും ചെയ്യുന്നതിനു മുമ്പാണ് ഈ മാറ്റം സാധ്യമാകുകയെന്നും കരാര്‍ പൂര്‍ത്തിയാക്കി വിസ റദ്ദാക്കുന്നവര്‍ എന്‍ഒസി ഉള്ളവരാണെങ്കില്‍ രാജ്യത്തിനു പുറത്തു പോയി വരേണ്ടതുണ്ടെന്നും നഗരത്തിലെ സ്വകാര്യ കമ്പനി പി ആര്‍ ഒ പറഞ്ഞു. നേരത്തേ ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ വന്നര്‍ക്ക് രാജ്യത്തുനിന്ന് പുറത്തു പോകാതെ തന്നെ അധികഫീസ് നല്‍കി തൊഴില്‍ വിസയിേക്കുള്ള മാറ്റം അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതും സാധ്യമല്ല. ഇരു കമ്പനികളുടെയും സമ്മതത്തോടെ തൊഴില്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കു മാറുന്ന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് (തനാസില്‍) രാജ്യത്തു നിന്ന് പുറത്തു പോകേണ്ടതില്ല.
വിസ കാലാവധിയുള്ള കുടുംബാംഗങ്ങള്‍ നാട്ടില്‍ പോയി 180 ദിവസം കഴിഞ്ഞാണ് മടങ്ങി വരുന്നതെങ്കില്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങേണ്ടതുണ്ട്.
ഇമിഗ്രേഷനില്‍ നേരിട്ടെത്തി സ്വീകരിക്കേണ്ട ഈ സേവനമാണ് പുതുതായി മെത്രാഷില്‍ ഉള്‍പ്പെടുത്തിയ മറ്റൊന്ന്.
വിദേശികളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ മാറ്റം വരുത്താനുള്ളതാണ് മറ്റൊരു സേവനം. രാജ്യത്തേക്കു വരുന്നതിനു മുമ്പ് പാസ്‌പോര്‍ട്ട് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്ത് പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്ന ഘട്ടങ്ങളില്‍ തൊഴിലുടമക്ക് പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ സാധിക്കും. പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ് പുതുക്കുന്ന വേളകളിലും പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാം.
മെത്രാഷിലെ പുതിയ സേവനങ്ങള്‍ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്യുന്നതാണെന്ന് വിസ സര്‍വീസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Next Story

RELATED STORIES

Share it