വിസ തട്ടിപ്പുകേസ്: പ്രതി അറസ്റ്റില്‍

പൊന്നാനി: കോഴിക്കോട് ഒരു ട്രാവല്‍സ് കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ വെളിയംകോട് സ്വദേശിയെ പൊന്നാനി പോലിസ് പിടികൂടി. വെളിയംകോട് എസ്‌ഐ പടി സ്വദേശിയായ മെഹ്ബൂബ് (38) ആണ് പിടിയിലായത്. തട്ടിപ്പിനിരയായ 17ഓളം പേരുടെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തത്.
ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന അല്‍മറാഇ എന്ന പാലുല്‍പ്പന്ന സംരംഭത്തിലേക്ക് സെയില്‍സ്മാനെയും ഡ്രൈവര്‍മാരെയും ആവശ്യമുണ്ടെന്നു കാണിച്ച് മെഹ്ബൂബ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ട്രാവല്‍സ് മുഖേന പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് നാല്‍പ്പതിനായിരം രൂപ ഓരോരുത്തരില്‍ നിന്നും കൈക്കലാക്കുകയായിരുന്നു.
എണ്‍പതിനായിരം രൂപയാണ് വിസക്ക് ആവശ്യപ്പെട്ടിരുന്നത്. മുന്‍കൂറായി നാല്‍പ്പതിനായിരം രൂപ വാങ്ങിക്കുകയും ചെയ്തു.
ബാക്കി തുക വിസ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതിയെന്നാണു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും വിസ കിട്ടാതെ വന്നപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. കൂടുതല്‍ അന്വേഷണത്തില്‍ സമാനമായ പല തട്ടിപ്പുകളും ഇയാള്‍ നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട 17 പേരാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it