വിസിക്ക് കത്തയച്ചു മോദിയുടെ ബിഎ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതുസംബന്ധമായി കെജ്‌രിവാള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിക്ക് കത്തയച്ചു. മോദിയുടെ വിദ്യാഭ്യാസരേഖകള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ പ്രധാനമന്ത്രിക്ക് എന്തു വിദ്യാഭ്യാസ യോഗ്യതയാണുള്ളതെന്നു ജനങ്ങള്‍ക്കറിയാന്‍ കഴിയണം. പ്രധാനമന്ത്രി ഡല്‍ഹി യൂനിവേഴ്‌സിറ്റി(ഡിയു)യില്‍ നിന്ന് ബിരുദം നേടിയോ എന്നതിനെക്കുറിച്ചു സംശയമുണ്ട്.
ഡിയുവില്‍ നിന്ന് അദ്ദേഹം ബിരുദം നേടിയിട്ടില്ലെന്നും പറയപ്പെടുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രവേശനവുമായോ മാര്‍ക്ഷീറ്റ്, ഡിഗ്രി തുടങ്ങി മറ്റെന്തെങ്കിലുമായോ സര്‍വകലാശാലയില്‍ രേഖകളില്ലെന്നും ആരോപണമുണ്ട്. ഗുജറാത്ത് സര്‍വകലാശാല മോദി അവിടെനിന്ന് എംഎ ചെയ്തുവെന്ന് പറയുമ്പോള്‍ ഈ ആരോപണം ഗുരുതരമാണ്. അദ്ദേഹം ബിഎ ചെയ്തില്ലെങ്കില്‍ എങ്ങനെയാണ് എംഎ കോഴ്‌സിന് പ്രവേശനം ലഭിക്കുക? കെജ്‌രിവാള്‍ ചോദിച്ചു.
ഏതു സമയവും അപകടം സംഭവിച്ച് പ്രധാനമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈമോശംവരാന്‍ സാധ്യതയുണ്ടെന്നു ചില മാധ്യമറിപോര്‍ട്ടുകളുണ്ടെന്നും കെജ്‌രിവാള്‍ കത്തില്‍ പറഞ്ഞു. അതിനാല്‍ പ്രസ്തുത രേഖകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളുണ്ടെങ്കില്‍ സത്യം പുറത്തുവരേണ്ടതുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it