kasaragod local

വിഷുക്കാലമെത്തി; കാര്‍ഷിക മേഖലയില്‍ ആഹ്ലാദമില്ല

കാഞ്ഞങ്ങാട്: പുതിയ കാര്‍ഷികകാലത്തെ വരവേല്‍ക്കാനുള്ള വിഷുക്കാലമെത്തിയിട്ടും കര്‍ഷകരില്‍ ഉല്‍സവത്തിന്റെ ആഘോഷമില്ല. മലയോര ടൗണുകളിലൊന്നും പതിവു തിരക്കുകള്‍ കാണാനില്ല. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ വിഷുക്കലവും പുത്തനുടുപ്പുകളുമായി വഴിയോര വാണിഭം സജീവമാകാറുണ്ടെങ്കിലും ഇക്കുറി കച്ചവടം വളരെക്കുറവാണ്.
കശുവണ്ടി ഉല്‍പാദനത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനമുള്ള ജില്ലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ വിളവാണ് ഇക്കുറിയുണ്ടായത്.
ന്യായമായ വിലയുണ്ടെങ്കിലും ഉല്‍പാദനക്കുറവ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 16 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. സര്‍ക്കാര്‍ സംഭരണം നിര്‍ത്തിയത് നാളികേര കര്‍ഷകര്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്.
റബറിന്റെ ഉല്‍പാദനം കുറവാണെങ്കിലും വിലയില്‍ കാര്യമായ പുരോഗതിയൊന്നുമില്ല. 150 രൂപ തറവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ബില്ല് നല്‍കിയാല്‍ സര്‍ക്കാര്‍ നല്‍കുന്ന വില ആനുകൂല്യവും മാര്‍ച്ച് 15 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പേര് രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. റബര്‍ ഉല്‍പാദക സംഘത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരെ മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കണ്‍സ്യൂമര്‍ഫെഡ് വിഷുചന്ത തുടങ്ങാത്തതിനാല്‍ പൊതുവിപണിയില്‍ പലവ്യഞ്ജനങ്ങള്‍ക്ക് പത്തുശതമാനം മുതല്‍ 30 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്. മാവേലി സ്റ്റോറില്‍ ഉഴുന്നുപരിപ്പ്, ചെറുപയര്‍ പരിപ്പ് തുടങ്ങിയവ കിട്ടാനുമില്ല.
Next Story

RELATED STORIES

Share it