വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിന് 12 എംഎല്‍എമാര്‍ക്ക്് 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രി നല്‍കിയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മദന്‍സിങ് ബിഷ്ട് സമ്മതിക്കുന്ന ഒളികാമറാദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടു. ഹരീഷ് റാവത്തിന്റെ അറിവോടുകൂടിയാണ് പണം നല്‍കുന്നതെന്നും സിങ് പറയുന്നുണ്ട്. പ്രാദേശിക ചാനലായ സമാചര്‍ പ്ലസിന്റെ ചീഫ് എഡിറ്റര്‍ ഉമേഷ് കുമാറാണ് ഒളികാമറാ ഓപറേഷന്‍ നടത്തിയത്. നേരത്തേ വിമത എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഹരീഷ് റാവത്തിന്റെ ഒളികാമറാദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിലുള്ളത് താനാണെന്നു സ്ഥിരീകരിച്ച് റാവത്ത് രംഗത്തെത്തുകയുമുണ്ടായി. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. നാളെ വിശ്വാസവോട്ട് തേടാന്‍ റാവത്ത് സര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി വിമത എംഎല്‍എമാര്‍ നല്‍കിയ ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
Next Story

RELATED STORIES

Share it