kannur local

വിശ്രമമില്ലാ നാളുകള്‍; അവധിയില്ലാ വോട്ടോട്ടം

കണ്ണൂര്‍: തദ്ദേശഭരണ പ്രതിനിധികളെ നിര്‍ണയിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അണികള്‍ക്കുമെല്ലാം ഇനി വിശ്രമമില്ലാ നാളുകള്‍. പ്രചാരണങ്ങള്‍ മൂര്‍ധന്യത്തിലെത്തുമ്പോള്‍ പരമാവധി പേരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള നെട്ടോട്ടത്തിലാണ്. അവധിദിനമെന്നോ ആളുകള്‍ വീട്ടിലുണ്ടാവില്ലെന്നോ നോക്കാതെ എല്ലായിടത്തും ഓടിച്ചെന്ന് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. വിവാഹവീടുകളും മരണ വീടുകളുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ വോട്ടഭ്യര്‍ഥനയ്ക്കുള്ള വേദികളാണ്. ക്ഷണിച്ചാലും ഇല്ലെങ്കിലും വോട്ട് തേടി വിവാഹ ചടങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികളും കുറവല്ല.
നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വാര്‍ഡുകളിലെ വിവാഹത്തിന് മിക്ക സ്ഥാനാര്‍ഥികള്‍ക്കും ക്ഷണമുണ്ടാവും. വാര്‍ഡിലെ മിക്കവാറും പേരും വിവാഹത്തിനെത്തുമെന്നതിനാല്‍ അല്‍പ്പസമയം അധികം ചെലവഴിച്ചാലും നഷ്ടമുണ്ടാവില്ലെന്നാണു സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും നിലപാട്. സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടവും കോട്ടവും. വിവാഹപ്പെണ്ണിന്റെ അടുത്തും അടുക്കളയിലും വരെ പോവാനാവുന്നതു സ്ത്രീകള്‍ക്ക് ഗുണകരം തന്നെയാണ്. എന്നാല്‍, ബന്ധുവിന്റെ വിവാഹത്തില്‍ പോലും പങ്കെടുക്കാനാവാത്ത അവസ്ഥയുണ്ടാവുന്നത് പുരുഷന്‍മാരേക്കാള്‍ ബാധിക്കുക സ്ത്രീ സ്ഥാനാര്‍ഥികളെയാണ്. പ്രത്യേകിച്ച് വ്യത്യസ്ത രാഷ്ട്രീയാഭിമുഖ്യമുള്ളവര്‍ വീട്ടിലുണ്ടായാല്‍. ഏതായാലും പൊള്ളുന്ന ചൂടിലും വിശ്രമത്തിനും വിനോദത്തിനും ചെലവിടുന്ന അവധിദിവസങ്ങളും സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമില്ല. ഒരു വീട്ടില്‍നിന്ന് അടുത്ത വീട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ അവരവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കൊന്നും സ്ഥാനമില്ല. വ്യക്തിവിരോധമുള്ളവര്‍ പോലും പരസ്പരം കൈകൊടുത്ത് വോട്ടഭ്യര്‍ഥിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ശുഭകരമായ കാഴ്ചയാണ്.
ഗ്രാമങ്ങളില്‍ പോലും ഞായറാഴ്ച കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിനാല്‍ കവലകളിലൂടെയുള്ള പ്രചാരണം ഇന്നലെ കുറവായിരുന്നു. പകരം ഓരോ വീടുകളും കയറിയിറങ്ങിയാണ് സ്ഥാനാര്‍ഥികള്‍ വോട്ട് പിടിച്ചത്. രാവിലെ മുതല്‍ രാത്രി വരെ നീളുന്ന വോട്ടഭ്യര്‍ഥനയ്ക്കു ശേഷം ഉറങ്ങാനും അടുത്ത ദിവസത്തേക്കുള്ള ഊര്‍ജം സംഭരിക്കാനും വളരെ കുറഞ്ഞ സമയം മാത്രമാണ് സ്ഥാനാര്‍ഥികള്‍ക്കും പ്രചാരണത്തിനു മുന്നിലുള്ളവര്‍ക്കും ലഭിക്കുക.
Next Story

RELATED STORIES

Share it