വിശക്കുന്നവര്‍ക്ക് നല്ല ഭക്ഷണം സൗജന്യമായി നല്‍കുന്ന ഒരിടം; റൊട്ടി ബാങ്കിനു വലിയ പിന്തുണ

ഔറംഗബാദ്: വിശക്കുന്നവനും ദരിദ്രനും ഭക്ഷണം നല്‍കി ഔറംഗബാദില്‍ വ്യത്യസ്തമായൊരു റൊട്ടിക്കട. രണ്ടുമാസം മുമ്പ് ആരംഭിച്ച റൊട്ടി ബാങ്ക് അതിന്റെ പേര് കൊണ്ടുതന്നെയാണ് നഗരത്തില്‍ സംസാര വിഷയമായത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയവരുടെ എണ്ണം ആയിരത്തോളമായി.
ഡിസംബര്‍ അഞ്ചിന് 250 പേരുടെ പിന്തുണയുമായി യൂസഫ് മുക്കാത്തി എന്ന 38കാരന്‍ ആരംഭിച്ച ബാങ്കില്‍ അക്കൗണ്ട് തുറക്കുക ലളിതമാണ്. അംഗങ്ങള്‍ ദിവസവും രണ്ട് ചപ്പാത്തിയും അതിനു ചേര്‍ന്ന കറിയും ബാങ്കില്‍ സൗജന്യമായി നല്‍കണം. സസ്യാഹാരമോ മാംസാഹാരമോ ആവാം.
ഔറംഗബാദ് ഹാറൂണ്‍ മുക്തി സെന്ററിന്റെ സ്ഥാപകനായ യൂസഫിന്റെ ഉദ്ദേശ്യം വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്നതായിരുന്നു. അതാണ് റൊട്ടി ബാങ്കായത്. തികച്ചും പുതിയ ഭക്ഷണമേ നിക്ഷേപിക്കാവൂ എന്ന ഒരു നിബന്ധനകൂടിയുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെ തുറന്നിരിക്കുന്ന സ്ഥാപനത്തി ല്‍ വിശക്കുന്നവര്‍ വന്നു ഭക്ഷണം വാങ്ങിപ്പോവും.
സസ്യാഹാരവും മാംസാഹാരവും വേര്‍തിരിച്ച് പ്രത്യേകം പാക്കറ്റുകളാക്കി സ്ഥാപനത്തിന്റെ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നതാണ് രീതി. അധികമായി വരുന്ന ഭക്ഷണം ശീതീകരിച്ച് അടുത്ത ദിവസത്തേക്ക് സൂക്ഷിക്കുകയോ ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കുകയോ ആണ് പതിവ്.
വിശക്കുന്നവര്‍ക്കായി നല്ല ഭക്ഷണം സൗജന്യമായി നല്‍കുന്ന ഒരിടം; അതാണ് റൊട്ടിബാങ്ക്. യൂസഫ് മുക്കാത്തി പറയുന്നു.
Next Story

RELATED STORIES

Share it