malappuram local

വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയുള്ള ഇടപെടല്‍:  ജലക്ഷാമത്തിന് ഉടന്‍ പരിഹാരം

മലപ്പുറം: രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തിലും ഭാവിയിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ നടപ്പാക്കും.
ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള വെള്ളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ജല സംഭരണികളില്‍ നിന്ന് നല്‍കുന്നതാണ്. സഹകരണ ബാങ്കുകളുടെ പൊതു നന്മാഫണ്ടില്‍ നിന്ന് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ ജലക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം നടത്തുന്നതിന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് തീരുമാനിച്ചു. മലിനമായി കിടക്കുന്ന ജല സ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനും നാമമാത്രമായുള്ള നീരുറവകള്‍ സംരക്ഷിക്കുന്നതിന് തടയണകള്‍ നിര്‍മിക്കുന്നതിനും മുന്‍ഗണന നല്‍കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ജല സ്രോതസ്സുകളുടെ ഉറവകള്‍ അടഞ്ഞു പോയവ പുനരുദ്ധരിക്കാന്‍ ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് ശുചിത്വ സമിതികള്‍ക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക പരിപാടി തയ്യാറാക്കും.
നിസ്സാരമായ കാരണങ്ങള്‍കൊണ്ടു മുടങ്ങി കിടക്കുന്ന ജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നേരത്തെ വാട്ടര്‍ അതോറിറ്റിക്ക് ഡപ്പോസിറ്റ് ചെയ്ത തുകയില്‍ മിച്ചമുള്ളത് പ്രയോജനപ്പെടുത്തും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലയിലെ നദികളിലെ വെള്ളം സംരക്ഷിക്കുന്നതിന് തടയണകള്‍ നിര്‍മിക്കുന്നത് സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, കെ പി ഹാജറുമ്മ, അനിതാ കിഷോര്‍, അംഗങ്ങളായ വെട്ടം ആലിക്കോയ, ടി പി അഷ്‌റഫലി, ഫാത്തിമത്ത് സുഹ്‌റ, സുലൈഖ, സെറീന ഹസീബ്, കെ ദേവിക്കുട്ടി, സെക്രട്ടറി എ —അബ്ദുല്‍ ലത്തീഫ് ജില്ലാ തല ഉദ്യോഗസ്ഥരായ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ വി പ്രസാദ്, പി ജയപ്രതാശ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എ ഉസ്മാന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഹൈദറലി, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it