Azhchavattam

വിവാഹിതകളുടെ വോട്ടവകാശം

ത്രിവേണി/രണ്ടാംപാതി

ജനിച്ചുവളര്‍ന്ന വീട് വിട്ടിറങ്ങുമ്പോള്‍ ഒരു സ്ത്രീ അവളുടെ പൗരാവകാശവും തീറെഴുതിക്കൊടുത്തിട്ടു വേണം പടിയിറങ്ങാന്‍. പിറന്ന വീടിനും മണ്ണിനുമൊപ്പം ജനാധിപത്യാവകാശങ്ങളും ഉപേക്ഷിക്കണം, അവള്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും. ഭാര്യയായി മാറുന്നതോടെ പൗരാവകാശം നിഷേധിക്കുന്നതും മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യാത്തതുമായ ഒരു വിഷയമാണ് വിവാഹിതകളുടെ വോട്ടവകാശം. വിവാഹം കഴിച്ചു പോയതിന്റെ പേരില്‍ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ ഇന്നു കേരളത്തിലുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കുന്ന വോട്ടേഴ്‌സ് ലിസ്റ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ തിരഞ്ഞെടുപ്പിനുള്ള പട്ടികയില്‍നിന്നു വിവാഹിതകളെ നീക്കം ചെയ്യുന്ന പതിവ് സംസ്ഥാനത്ത് വ്യാപകമാണ്.
ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നു പേര് നീക്കം ചെയ്യുന്നത് പലപ്പോഴും ഈ സ്ത്രീകള്‍ അറിയാറില്ല. സ്വന്തം നാട്ടില്‍ വോട്ടേഴ്‌സ്‌ലിസ്റ്റില്‍ പേരുണ്ടെന്ന് കരുതി ഭര്‍ത്താവിന്റെ നാട്ടില്‍ പേര് ഉള്‍പെടുത്താനും ശ്രമിക്കാറില്ല. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള ഭര്‍ത്താക്കന്‍മാര്‍ വിവാഹം കഴിഞ്ഞ ഉടനെ തന്റെ പാര്‍ട്ടിക്ക് ഒരു വോട്ടുകിട്ടുമെന്നു കരുതി ലിസ്റ്റില്‍ പേര് ഉള്‍പെടുത്തിയെന്നുവരും. ഇത് എല്ലാവരുടെയും കാര്യത്തില്‍ നടക്കണമെന്നില്ല. മറിച്ചുള്ളവരാണ് ഏറെയും.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാവാന്‍ കഴിയാതെ പോയ നല്ലൊരു പറ്റം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. പലപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സ്വന്തം നാട്ടിലെ കണ്ടും കേട്ടും പരിചയമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനാവും താല്‍പര്യം. മറ്റു തിരഞ്ഞെടുപ്പിനേക്കാള്‍ വ്യക്തിപരതയ്ക്ക് ഏറെ സ്ഥാനമുണ്ടല്ലോ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍. എന്നാല്‍. വിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രം ആ അവകാശം അവര്‍ക്ക് നഷ്ടപ്പെടും. കൂടുതലായും അടുത്ത കാലത്ത് വിവാഹം ചെയ്ത പെണ്‍കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ വോട്ടവകാശം ഇല്ലാതാവുന്നത്.
ഇടത്-വലത് കക്ഷികള്‍ തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തയ്യാറാക്കുന്ന ലിസ്റ്റുകള്‍ പഞ്ചായത്ത് സെക്രട്ടറിയ ഏല്‍പിക്കും. സെക്രട്ടറിയാവട്ടെ മറ്റൊന്നും നോക്കാതെ പാര്‍ട്ടി ലിസ്റ്റ് പ്രകാരം അവരെ ഒഴിവാക്കും. നിയമപ്രകാരം പഞ്ചായത്തില്‍നിന്ന് ഓരോ വീട്ടിലുമെത്തി വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി വേണം ഒരാളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍. ഇതൊക്കെ പുസ്തകത്തിലേയുള്ളൂ. ഒന്നും നടക്കാറില്ല.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ലിസ്റ്റുകള്‍ അംഗീകരിക്കുന്നതിനാല്‍ അവരാരും പരാതിയായി വരാറില്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ മറ്റൊന്നും ആലോചിക്കാതെ വിവാഹിതകളെ പാര്‍ട്ടിക്കാരുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയും ചെയ്യും. ഇത് ചോദ്യം ചെയ്യാന്‍ സ്ത്രീകളും മുന്നോട്ടു വരുന്നില്ലെന്നതാണ് വാസ്തവം.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ആക്ഷേപങ്ങളും നിവര്‍ത്തിച്ച് തയ്യാറാക്കുന്നതിനാല്‍ നിയമപരമായി ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയും അടയുകയാണ്. പലപ്പോഴും ഭര്‍ത്താവിന്റെ വീട്ടിലോ മറ്റോ താമസമായതിനാല്‍ സ്വന്തം നാട്ടിലെ വോട്ടര്‍പട്ടിക പരിശോധിക്കാന്‍ കഴിയാതെ വരുന്ന സ്ത്രീകള്‍ തിരഞ്ഞെടുപ്പ് തിയ്യതി അടുക്കുമ്പോള്‍ മാത്രമായിരിക്കും തങ്ങളുടെ വോട്ടിനെ കുറിച്ച് അന്വേഷിക്കുക. തൊട്ടു മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരായതിനാല്‍ കൂടുതല്‍ പേരും വോട്ടര്‍ പട്ടിക ശ്രദ്ധിക്കാനും മിനക്കെടില്ല. വോട്ടിനായി ചെല്ലുമ്പോള്‍ നിങ്ങള്‍ ലിസ്റ്റിലില്ലെന്ന മറുപടി ലഭിക്കുമ്പോഴാണ് നടന്ന കാര്യങ്ങള്‍ വോട്ടര്‍ മനസ്സിലാക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ട് സ്വന്തം കുടുംബത്തില്‍ തന്നെ താമസിക്കണമെന്നാഗ്രഹിക്കുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ചും ഒരു മകള്‍ മാത്രമോ പെണ്‍മക്കള്‍ മാത്രമോ ഉള്ള കുടുംബങ്ങളില്‍. അവര്‍ താല്‍കാലികമായി ഭര്‍തൃവീടുകളിലോ ജോലിസ്ഥലങ്ങളിലോ താമസിക്കുന്നുവെന്നതിനാല്‍ അവരെ മറ്റ് രേഖകളില്‍ നിന്നൊന്നും നീക്കം ചെയ്യാതിരിക്കെ എന്തിന് വോട്ടര്‍ പട്ടികയില്‍നിന്നു മാത്രം ഒഴിവാക്കണം?
ഇതുകൊണ്ടുള്ള ഏക ഗുണം അവളുടെ വോട്ട് നഷ്ടപ്പെടുന്നു എന്നതാണ്. വോട്ടര്‍പട്ടികയില്‍നിന്ന് ഒരാളെ ഒഴിവാക്കുന്നതിന് കൃത്യമായ നടപടിക്രമമുള്ള രാജ്യത്ത് ഇത് പിന്തുടരാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടാവുന്നില്ല? വിദേശത്തും മറ്റും ജോലിക്ക് പോകുന്നവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത് വ്യാപകമാണ്. വസ്തുതാപരമായി വാസസ്ഥലം എന്നത് മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ ഇതിന് പറയുന്ന ന്യായം. ജനങ്ങളാല്‍ ഭരിക്കുന്ന ജനാധിപത്യ രാജ്യത്തെ സ്ത്രീകള്‍ ജനിച്ച വീട്ടില്‍ വോട്ടവകാശം ആഗ്രഹിക്കുന്നത് എങ്ങനെ തെറ്റാവും? ി
Next Story

RELATED STORIES

Share it