വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 5 മരണം

കൊണ്ടോട്ടി: വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ബന്ധുക്കളായ അഞ്ചു പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. സേലത്തു നിന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മട്ടന്നൂര്‍ തെരൂരിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മട്ടന്നൂര്‍ എടയന്നൂര്‍ തൈരോത്ത് സുനില്‍കുമാറിന്റെ മകളായ സൂര്യ (13), അതുല്‍ (10), വട്ടക്കരുകണ്ടി അശോകിന്റെ ഭാര്യ ശശികല എന്ന ഓമന (42), എടയന്നൂര്‍ പടിക്കാരക്കണ്ടിയില്‍ ദേവി (67), സഹോദരിയുടെ മകളുടെ ഭര്‍ത്താവ് തൈരോത്ത് രവീന്ദ്രന്‍ (54) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാനകി ഉള്‍പ്പെടെ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
മരിച്ച ദേവിയുടെ മകള്‍ ലീലയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സേലത്തു നിന്നു മട്ടന്നൂര്‍ തെരൂരിലേക്ക് വരുകയായിരുന്ന ഹോളിഡേയ്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഇന്നലെയായിരുന്നു വിവാഹപ്പാര്‍ട്ടി. ഇതിനു കാത്തുനില്‍ക്കാതെ സംഘം ഞായറാഴ്ച രാത്രിയോടെത്തന്നെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
അമിതവേഗത്തിലായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തെ മതിലില്‍ ഇടിച്ചുനിന്നു. നിയന്ത്രണം വിട്ട ബസ് ലോറിയില്‍ കൊളുത്തിയതോടെ ബസ്സിന്റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു. റോഡരികിലെ മതില്‍ തകര്‍ത്ത ബസ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു കയറിയാണ് നിന്നത്.
ബസ്സിന്റെ ഇടതുഭാഗത്ത് ഇരുന്നവരാണ് മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും. ലോറിയില്‍ ഇടിച്ചിട്ടും ബസ്സിന്റെ വേഗം നിയന്ത്രിക്കാനാവാത്തതാണ് മരണസംഖ്യയും പരിക്കുകളും കൂടാന്‍ കാരണമെന്ന് പോലിസ് പറഞ്ഞു. വന്‍ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും അതുവഴി കടന്നുപോയ വാഹനങ്ങളില്‍ ഉള്ളവരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
കൂട്ടനിലവിളി ഉയര്‍ന്ന ബസ്സില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറിച്ചുവീണിരുന്നു. ബസ്സിനുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാനും ഏറെ ബുദ്ധിമുട്ടി. തലയ്ക്കാണ് കൂടുതല്‍ പേര്‍ക്കും പരിക്ക്. തല വേര്‍പെടാറായ നിലയില്‍ വരെ ആളുകളുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു.
തെരൂര്‍ പാലയോടിലെ രാഘവന്റെ ഭാര്യയാണ് ദേവി. മക്കള്‍: ദിനേശന്‍, വല്‍സല, ലീല, കമല, റോജ, ബിനീഷ്. മരുമക്കള്‍: സോമന്‍, മിനി, വല്‍സന്‍, ഭാസ്‌കരന്‍, സുജില. ദേവിയുടെ സഹോദരിയുടെ ഭര്‍ത്താവാണ് നിര്‍മാണത്തൊഴിലാളിയായ രവീന്ദ്രന്‍. ഭാര്യ: രമ. മക്കള്‍: രമിത്ത്, രേഷ്മ. മരുമകന്‍: പ്രമോദ്.
ദേവിയുടെ സഹോദരന്റെ മകന്‍ അശോകന്റെ ഭാര്യയാണ് നീലേശ്വരം സ്വദേശിനി ശശികല. മക്കള്‍: അഖില്‍, അനഘ. ദേവിയുടെ സഹോദരി ജാനകിയുടെ മകന്‍ സുനില്‍കുമാറിന്റെയും അജിതയുടെയും മക്കളാണ് സൂര്യയും അതുലും.
സൂര്യ കൂടാളി എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും അതുല്‍ എളമ്പാറ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പരിക്കേറ്റവരെല്ലാം ബന്ധുക്കളും അയല്‍വാസികളുമാണ്.
Next Story

RELATED STORIES

Share it