Articles

വിവാഹം കഴിക്കൂ! ജയിലില്‍ പോവൂ

വിവാഹം കഴിക്കൂ! ജയിലില്‍ പോവൂ
X
slug-avkshngl-nishdngl

ബാബുരാജ് ബി എസ്

ഡോ. പി ജി ഹരി തിരക്കിലാണ്. ഫോണില്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ അപരിചിതത്വത്തിന്റെ മൂടല്‍ എനിക്ക് അനുഭവപ്പെട്ടു. കുറച്ചു നേരംകൂടി തുടര്‍ന്നശേഷം ഫോണ്‍ വച്ചു, പിന്നെ വിളിക്കാം. രാത്രിയില്‍ വീണ്ടും വിളിച്ചു. കല്‍പ്പറ്റയില്‍ ജനുവരി ഏഴാം തിയ്യതി നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള കുറിപ്പാണ് ഡോക്ടറെ വിളിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം എഴുതിയിരിക്കുന്നു: പൊതുപ്രവര്‍ത്തകര്‍ക്കു നേരെ യുഎപിഎ പോലെ, ദരിദ്രര്‍ക്കു നേരെ സര്‍ഫാസി പോലെ, ആദിവാസി യുവാക്കള്‍ക്കുനേരെ കല്യാണം കഴിച്ചതിന്റെ പേരില്‍ പോക്‌സോ ചാര്‍ത്തപ്പെടുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്.
തന്റെ ക്ലിനിക്കിലെ അവസാന രോഗിയെയും പറഞ്ഞുവിട്ട് വിശ്രമിക്കുന്ന ഒരു ഡോക്ടറെ ഞാന്‍ മനസ്സില്‍ സങ്കല്‍പിച്ചു. തിരക്കുകാരനായ ഡോക്ടറെ ആരാണു വിളിക്കാന്‍ ഇഷ്ടപ്പെടുക? സംസാരിച്ചുവന്നപ്പോള്‍ ഡോക്ടര്‍ പരിചയക്കാരനായി തോന്നി. ഞാന്‍ കടന്നുപോയ ചില ഇടങ്ങളിലൂടെ അദ്ദേഹവും കടന്നുപോയിട്ടുണ്ട്, അപരിചിതനായിട്ടാണെങ്കിലും.
വൈത്തിരി ഇടിയംവയല്‍ കോളനിയിലെ ബിനുവിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. വയസ്സറിയിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം താമസിക്കാമെന്നതാണ് പണിയരുടെ ആചാരം. അതുകൊണ്ടുതന്നെ പല വിവാഹങ്ങളും 18 വയസ്സിനു മുമ്പേ നടക്കും. അത്തരം വിവാഹങ്ങളെക്കുറിച്ചുള്ള ഒരുപാട് കഥകളും പാട്ടുകളും അവര്‍ക്കിടയിലുണ്ട്.
മൂന്നു മാസം മുമ്പായിരുന്നു ബിനുവിന്റെ വിവാഹം. വിവാഹം മംഗളമായിരുന്നെങ്കിലും തുടര്‍ജീവിതം അത്ര സുഗമമായിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ് മണത്തെത്തി. വീട്ടുകാരെ ചോദ്യംചെയ്തു. പെണ്‍കുട്ടിക്ക് വയസ്സെത്ര? അവര്‍ തുറന്നുപറഞ്ഞിരിക്കണം- 14. ആ മറുപടി ബിനുവിന് ഒരു ജയില്‍ജീവിതം സമ്മാനിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള വിവാഹത്തെ പീഡനമായി പരിഗണിച്ചുകൊണ്ട് ബിനുവിനെ പോക്‌സോ പ്രകാരം (കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമത്തില്‍നിന്നുള്ള സംരക്ഷണ നിയമം, 2012) വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു. 45 ദിവസമായി ബിനു വൈത്തിരിയിലെ വിചാരണത്തടവുകാര്‍ക്കുള്ള ജയിലിലാണ്. നിയമം നിയമത്തിന്റെ വഴിക്കു പോവട്ടെ എന്നു കരുതിയാവണം പോക്‌സോ കോടതിയിലെ ജഡ്ജി ബിനുവിന് ജാമ്യം നിഷേധിച്ചു.
ഇതേ കുറ്റത്തിന് മീനങ്ങാടി അച്ചപ്പന്‍മൂലയിലെ ബാബുവിന് കോടതി വിധിച്ചത് 40 വര്‍ഷം തടവാണ്. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതുകൊണ്ട് തടവ് 10 വര്‍ഷമായി ചുരുങ്ങി. കഴിഞ്ഞ നാലു മാസമായി ബാബു കണ്ണൂര്‍ ജയിലിലാണ്.
പനമരം പുളിക്കന്‍വയലിലെ ബാബുവിന്റെ വിധി ഇതിലും വിചിത്രം. വിവാഹശേഷം ബാബുവും ജയിലിലായിരുന്നു. വിചാരണയ്ക്കിടയില്‍ ജാമ്യം കിട്ടി വീട്ടിലേക്കു പോന്നു. അതു പുതിയ ഒരു പ്രശ്‌നത്തിനു വഴിതുറന്നു. കോടതിയുടെ കാഴ്ചപ്പാടില്‍ ബാബുവിന്റെ ഭാര്യ ഇരയാണല്ലോ. ബാബു കുട്ടിയെ പീഡിപ്പിച്ച പ്രതിയും. ഭരണയന്ത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോടതി ബാബുവിന്റെ ജാമ്യം റദ്ദാക്കി.
പോക്‌സോ പ്രകാരം 90 പേര്‍ക്കെതിരേയാണ് വയനാട്ടില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. അതില്‍ നല്ലൊരു ഭാഗം ആദിവാസികളാണ്. ആദിവാസികളല്ലാത്തവരുടെ കേസുകള്‍ കോടതിക്കു പുറത്ത് ഒത്തുതീരും. അമ്പലവയലിലെ പൗലോസിന്റെ കേസ് ഉദാഹരണം. ആദിവാസികളുടെ കാര്യത്തിലാവട്ടെ മിക്കതിലും വിവാഹമാണു വില്ലന്‍. നിലവില്‍ വൈത്തിരി ജയിലില്‍ 12ഉം മാനന്തവാടിയില്‍ എട്ടും പേരാണ് കോടതിവിധി കാത്തു കഴിയുന്നത്. ഒട്ടു മിക്ക കേസുകളിലും തട്ടിക്കൊണ്ടുപോവലും ബലാല്‍സംഗവും ഒളിച്ചുതാമസിപ്പിക്കലും ഭീഷണിപ്പെടുത്തലും അടക്കം കടുത്ത വകുപ്പുകളായതിനാല്‍ ജാമ്യം കിട്ടുക പ്രയാസം. ഇനി കിട്ടിയിട്ടും പ്രയോജനമില്ല. ഭൂരഹിതരായ ആദിവാസികള്‍ ജാമ്യമെടുക്കുന്നതെങ്ങനെയെന്നാണ് ഹരിയുടെ ചോദ്യം. സാമൂഹികാചാരങ്ങളില്‍ ഭരണകൂടം വിവേചനരഹിതമായി ഇടപെടുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് വയനാട്ടിലേത്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിനു വേണ്ടി രൂപംകൊടുത്തിട്ടുള്ള നിയമം നിലവില്‍ ആദിവാസികളെ ഒട്ടാകെ കുറ്റവാളികളാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇത്തരം നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതിലൂടെ വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ആദിവാസികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമെന്ന് ഹരിഡോക്ടറെപ്പോലുള്ളവര്‍ ഭയപ്പെടുന്നു. സാമൂഹികനീതിയുടെ അരികില്‍ പോലും എത്തിയിട്ടില്ലാത്ത ആദിവാസി വിഭാഗങ്ങള്‍ക്കെതിരേ ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കരുതെന്നും ഗോത്രാചാരങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ഹിന്ദുവ്യക്തിനിയമത്തിന്റെ പരിധിയിലേക്ക് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ആശങ്കയുണ്ട്.
Next Story

RELATED STORIES

Share it