വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തുന്നില്ല; വിവരങ്ങള്‍ നല്‍കാന്‍ പൊതുഭരണവകുപ്പിന് മടി

കൊച്ചി: വിവാദമായി മാറിയ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിന് വിസമ്മതം. കഴിഞ്ഞ ജനുവരി മുതലുള്ള മന്ത്രിസഭായോഗ തീരുമാനങ്ങളുടെ പകര്‍പ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാതെ നല്‍കാന്‍ കഴിയില്ലെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്.
സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ നിലപാടിനെതിരേ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയും വിവരാവകാശപ്രവര്‍ത്തകനുമായ അഡ്വ. ഡി ബി ബിനു മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതിനല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളിലെടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് 2016 ജനുവരി മുതലുള്ള മന്ത്രിസഭായോഗ തീരുമാനങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അഡ്വ. ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
2016 ജനുവരി ഒന്നുമുതല്‍ നാളിതുവരെ ചേര്‍ന്ന മന്ത്രിസഭാ തീരുമാനങ്ങള്‍, മിനുട്‌സ്, അജണ്ട എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍, എത്ര തീരുമാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്ക്കാത്തതുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ നല്‍കണമെന്നാണ വിവരാവകാശ നിയമം 6(1), 6(3) വകുപ്പുകള്‍ പ്രകാരം പൊതുഭരണവകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിസഭായോഗ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാവകാശ നിയമം 8(1) വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് സറ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും ജോയിന്റ് സെക്രട്ടറിയുമായ ബി വി എസ് മണി ഇതിനു നല്‍കിയിരിക്കുന്ന മറുപടി.
മന്ത്രിസഭാ തീരുമാനങ്ങള്‍ അതാതു വിഷയവുമായി ബന്ധപ്പെട്ട് ഫയലുകളില്‍ ചേര്‍ത്ത് പ്രസ്തുത വിഷയം കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കു നല്‍കുകയാണു ചെയ്യുന്നതെന്നും പ്രസ്തുത തീരുമാനത്തിലും ബന്ധപ്പെട്ട കാര്യങ്ങളിലും നടപടി പൂര്‍ത്തിയായിക്കഴിഞ്ഞുവോയെന്നത് അതാതു വകുപ്പുകള്‍ക്കു മാത്രമേ വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും മറുപടിയില്‍ പറയുന്നു.
എന്നാല്‍ പൊതുഭരണവകുപ്പിന്റെ നിലപാട് വിവരാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അഡ്വ. ഡി ബി ബിനു പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4-1 ബി അനുസരിച്ച് മന്ത്രിസഭാ തീരുമാനം സ്വമേധയാ പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇതുസംബന്ധിച്ചു കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ മന്ത്രിസഭാ തീരുമാനങ്ങള്‍ സ്വമേധയാ പരസ്യപ്പെടുത്താന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇത്തരത്തില്‍ എടുത്ത മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുകയും ഇപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. അതിനെതിരേ നല്‍കിയ ഹരജി അംഗീകരിച്ച് അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണു പിന്നീട് മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് ലഭിച്ചത്.
Next Story

RELATED STORIES

Share it