Literature

വിവാദ പ്രസ്താവന: പാര്‍ട്ടിയെപ്രതിരോധത്തിലാക്കരുതെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന് ബിജെപി എംപിമാര്‍ക്ക് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു നിര്‍ദേശം നല്‍കി. പ്രകോപനപരവും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്ന പ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ബിജെപി തങ്ങളുടെ എംപിമാര്‍ക്കും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി ചേര്‍ന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
വിവാദ പ്രസ്താവനകള്‍ പ്രതിപക്ഷവും ബിജെപി വിരുദ്ധ ശക്തികളും ആയുധമാക്കുമെന്ന കാര്യം മറക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന അജണ്ടകളില്‍ നിന്ന് അതു ശ്രദ്ധതിരിക്കുമെന്നും വെങ്കയ്യ നായിഡു അംഗങ്ങളെ ഓര്‍മിപ്പിച്ചു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്നും നായിഡു പറഞ്ഞു.
രാഷ്ട്രത്തിന്റെ വികസനത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു കുറവ് ഉണ്ടായിട്ടുണ്ട്. ഏകീകൃത ചരക്ക് സേവന നികുതി അടക്കമുള്ള പ്രധാന ബില്ലുകള്‍ പാസ്സാക്കുന്നതിന് പാര്‍ലമെന്റിന്റെ പൂര്‍ണ സഹകരണം ആവശ്യമാണ്. ബില്ല് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടും പ്രധാനമന്ത്രി കൂടിയാലോചന നടത്തിയിട്ടുണ്ട്. ബില്ലിന് പ്രതിപക്ഷം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it