വിവാദ പരാമര്‍ശം; വി കെ സിങിനെതിരേ കൊല്‍ക്കത്തയില്‍ കരിങ്കൊടി

കൊല്‍ക്കത്ത: ദലിത് കുഞ്ഞുങ്ങളെ തീവച്ചു കൊന്ന സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി കെ സിങിനുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാജ്ഭവനില്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍, രാജ്ഭവനു പുറത്ത് 60ഓളം പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരേ പ്രതിഷേധിച്ചു. സിങ് തിരിച്ചുപോവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.26 പേരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

രാവിലെ മന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴും സിങിനു നേരെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.മന്ത്രിയുടെ കോലവും കത്തിച്ചു. ദലിത്‌വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം നിരഞ്ജന്‍ ചാറ്റര്‍ജി ആവശ്യപ്പെട്ടു.സിങിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതികരിക്കാത്ത മമതാ ബാനര്‍ജി സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണു കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫരീദാബാദില്‍ ദലിത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സിങ് വിവാദ പ്രസ്താവന നടത്തിയത്. പട്ടിയെ ആരോ കല്ലെറിഞ്ഞതിന് കേന്ദ്രം ഉത്തരവാദിയല്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Next Story

RELATED STORIES

Share it