വിവാദ പദ്ധതികളിലുറച്ച് നയപ്രഖ്യാപനം

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ വിവാദമായ പദ്ധതികളില്‍ ഉറച്ച നിലപാടെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയും 45 മീറ്ററില്‍ ദേശീയപാത വികസനം നടപ്പാക്കുമെന്നും പറയുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും പറയുന്നു.
പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന കാരണത്താല്‍ വിവാദമായ ആതിരപ്പിള്ളി പദ്ധതിയും നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാനും ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കുകളില്‍ ഗണ്യമായി നിക്ഷേപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ദേശീയപാതാ വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണിവില നല്‍കും.
ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയും വസ്തു ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്നവര്‍ക്ക് പുനരധിവാസം ഒരുക്കിയും സ്ഥലം ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ ത്വരിതപ്പെടുത്തും.
മിതമായ നിരക്കില്‍ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ സുസ്ഥിര വികസനം എന്ന ആമുഖത്തോടെയാണ് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നു പറയുന്നത്. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നതിനാല്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നത രൂക്ഷമായ ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് നയപ്രഖ്യാപനത്തില്‍ നേരിട്ടു പരാമര്‍ശങ്ങളില്ലെങ്കിലും ജലവൈദ്യുത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ഊര്‍ജ ഭദ്രത എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പരമ്പരാഗ ഊര്‍ജസ്രോതസ്സുകള്‍ അവഗണിക്കാനാവില്ല. പരിസ്ഥിതിയില്‍ കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന കൂടുതല്‍ ജലവൈദ്യുത പദ്ധതികളും കുറഞ്ഞത് ഒരു പുതിയ തെര്‍മല്‍ പവര്‍പ്ലാന്റും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
വിവാദ പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. 2020ഓടെ മൊത്തം ഉപഭോഗത്തിന്റെ 10 ശതമാനം ഊര്‍ജം പുനരുല്‍പാദക ഊര്‍ജ സ്രോതസ്സുകളില്‍ നിന്നു കണ്ടെത്തും. കാസര്‍കോട്ട് 200 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ വികസന നയങ്ങളെ പൊളിച്ചെഴുതുമെന്നു പറയുന്ന നയപ്രഖ്യാപനത്തില്‍ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. സ്വകാര്യ നിക്ഷേപത്തിന്റെ വരവ് വേഗത്തിലാക്കാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കും. വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും.
കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും. ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1500 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് സാമ്പത്തിക അടിസ്ഥാന-സാങ്കേതിക സഹായം നല്‍കും. ഐടി പാര്‍ക്കുകളില്‍ ലഭ്യമാക്കുന്ന സ്ഥലം ഇരട്ടിപ്പിക്കുമെന്നും രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it