വിവാദ ഉത്തരവിന്റെ പേരില്‍ ആരെയും ആക്ഷേപിക്കരുതെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മെത്രാന്‍കായലില്‍ സ്വകാര്യ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്ക് അനുമതി നല്‍കിയ ഉത്തരവിന്റെ പേരില്‍ ആരേയും ആക്ഷേപിക്കരുതെന്നും മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും തനിക്കാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചീഫ് സെക്രട്ടറി ജിജി തോംസന്റെ എതിര്‍പ്പ് അവഗണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മന്ത്രിസഭയില്‍ വിവാദ ഫയല്‍ ഔട്ട് ഓഫ് അജണ്ടയായി അവതരിപ്പിച്ചതെന്ന മാധ്യമ റിപോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. ഇക്കാര്യത്തില്‍ താന്‍ ഒഴിഞ്ഞുമാറില്ല. ഇതിന്റെ പേരില്‍ ചില വ്യക്തികളെ കടന്നാക്രമിക്കാനുള്ള ശ്രമം ശരിയല്ല. കൂടുതല്‍ നിക്ഷേപവും വികസന സാധ്യതകളും കണക്കിലെടുത്താണു തീരുമാനമെടുത്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010 ജൂലൈ 17ന് നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണു മെത്രാന്‍കായല്‍, കടമക്കുടി പദ്ധതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിടുന്നത്.
വിവിധ വകുപ്പുകളുടെ ക്രോഡീകരണമായതിനാല്‍ അന്നു മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. യാതൊരു നിബന്ധനയും വയ്ക്കാതെയാണ് ഇടതു സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, വ്യക്തമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടിവന്നത്. പദ്ധതി കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായാണ് ഭേദഗതി വരുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it