വിവാദമായ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 27ന് പിഎസ്‌സി നടത്തിയ വിവാദമായ ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചത്.
സാങ്കേതികപ്പിഴവുകള്‍ സാധാരണയായി ഉണ്ടാവാറുണ്ടെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കേണ്ടെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച ഭൂരിപക്ഷ അഭിപ്രായം അറിയുന്നതിനായി വോട്ടെടുപ്പ് നടത്തി. 12 അംഗങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്ന നിലപാടെടുത്തു. തുടര്‍ന്ന് വിഷയം വിശദമായി ചര്‍ച്ച ചെയ്തപ്പോള്‍ ഭൂരിപക്ഷം അംഗങ്ങളും ഒറ്റക്കെട്ടായി പരീക്ഷ റദ്ദാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
ഒടുവില്‍ പരീക്ഷ റദ്ദാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പുതിയ പരീക്ഷ നടത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സജ്ജീകരണങ്ങളൊരുക്കുന്നതില്‍ വീഴ്ച പറ്റിയെന്നായിരുന്നു സി-ഡിറ്റ് നല്‍കിയ വിശദീകരണം. 220 ഉദ്യോഗാര്‍ഥികളാണ് ഓണ്‍ലൈന്‍ പരീക്ഷയെഴുതിയത്. എന്നാല്‍, 150 പേരുടെ കംപ്യൂട്ടറുകളില്‍ മാത്രമായിരുന്നു കണക്ടിവിറ്റിയുണ്ടായിരുന്നത്. ഇതു സംബന്ധിച്ച സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയതിലും അപാകതയുണ്ടായി. ഇതേത്തുടര്‍ന്നാണ് പരീക്ഷ നടക്കുന്നതിനിടെ കംപ്യൂട്ടറുകളും സര്‍വറുകളും നിശ്ചലമായത്. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് സാങ്കേതിക സംവിധാനമൊരുക്കുന്നതില്‍ പാകപ്പിഴകളുണ്ടായതായും സി-ഡിറ്റ് പറയുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. അതിനാല്‍, പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും അദ്ദേഹം റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it