Kottayam Local

വിവാദമല്ല വികസനമാണു നാടിന് ആവശ്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടയം: വിവാദമല്ല വികസനമാണു നാടിന് ആവശ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എംസി റോഡില്‍ മീനച്ചിലാറിനു കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വട്ടമൂട് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. സമഗ്രപുരോഗതിയ്ക്കാവശ്യമായ വികസനത്തിനാണു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വിവാദങ്ങള്‍ ഒരിക്കലും നാടിന് നേട്ടമുണ്ടാക്കില്ല.
അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുണ്ടായത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. നാനൂറു ദിവസത്തിനുള്ളില്‍ 100 പാലങ്ങളാണ് സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. ഒട്ടനവധി റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 2012 ജൂണ്‍ ഒമ്പതിനു ശിലാസ്ഥാപനം നടത്തിയ പാലം ഒമ്പതു കോടി രൂപ ചെലവിലാണു നിര്‍മിച്ചിരിക്കുന്നത്. അഞ്ചു സ്പാനുകളിലായി 105.6 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിരിക്കുന്നു. ഉദ്ഘാടന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ യു വി ജോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി ജോണ്‍ ഇടയത്തറ, പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എന്‍ജീനിയര്‍ കെ. ദിവാകരന്‍, എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ജൂലിയറ്റ് ജോര്‍ജ് സംസാരിച്ചു. പാലം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നാട്ടുകാര്‍ മധുരം വിതരണം ചെയ്തു. ഉദ്ഘാടനത്തിനു പിന്നാലെ വട്ടമൂട് പാലം വഴിയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. കോട്ടയം വട്ടമൂട് കൊശമറ്റം തിരുവഞ്ചൂര്‍ വഴി അയര്‍ക്കുന്നത്തിനും, കോട്ടയം വട്ടമൂട് തിരുവഞ്ചൂര്‍ മണര്‍കാട് കോട്ടയം റൂട്ടിലുമാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it