വിവാദങ്ങള്‍ ബാധിക്കില്ല; ഭരണത്തുടര്‍ച്ച ഉണ്ടാവും

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഡസന്‍കണക്കിന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ആന്റണി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കമ്മീഷന്റെ അന്തിമ റിപോര്‍ട്ട് പുറത്തുവരുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം. വിവാദങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല. സോളാര്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി അവര്‍ ആവശ്യപ്പെട്ടതാണ് ജുഡീഷ്യല്‍ അന്വേഷണം. കമ്മീഷന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രതിപക്ഷം അല്‍പ്പംകൂടി ക്ഷമ കാണിക്കണം. സരിതയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് 10 കോടി വാഗ്ദാനം ചെയ്‌തെന്നത് ശുദ്ധനുണയാണെന്നു പറയുന്ന മുഖ്യ പ്രതിപക്ഷകക്ഷി ബാക്കിയെല്ലാ ആരോപണങ്ങളും വിശ്വസിക്കുകയാണ്. സിപിഎം 10 കോടി രൂപ സരിതയ്ക്ക് നല്‍കിയെന്നതുപോലും തനിക്ക് ഉള്‍ക്കൊള്ളാനായില്ല. യുഡിഎഫ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും അതുപോലെയാണ് കാണുന്നത്. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു.
അഞ്ചുവര്‍ഷം മുമ്പ് യുഡിഎഫ് ഭരണം തുടങ്ങിയപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍. ഇത്രയേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണ്.
വികസനകാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. യുഡിഎഫിന്റെ ഭരണത്തിന്റെ അയല്‍പക്കത്ത് വരാന്‍ പോലും ബിജെപിക്ക് കഴിയില്ല. ജനങ്ങള്‍ യുഡിഎഫ് തന്നെ തുടര്‍ന്നു ഭരിച്ചാല്‍ മതിയെന്ന് തീരുമാനിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it