വിവാദങ്ങളില്‍ മുങ്ങി മോദിയുടെ രണ്ടാംവര്‍ഷം

ന്യൂഡല്‍ഹി: 30 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഭൂരിപക്ഷവുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 മെയ് 26ന് അധികാരമേറ്റത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്സിനോടുള്ള മടുപ്പ് പ്രകടമായ തിരഞ്ഞെടുപ്പില്‍ ബദലായെത്തിയ ബിജെപി ഭരണകൂടത്തിന്റെ ഒന്നാം വര്‍ഷത്തെ പോലെ രണ്ടാംവര്‍ഷവും ഭരണനിര്‍വഹണ മികവിനേക്കാള്‍ വിവാദങ്ങളാലാണ് ശ്രദ്ധിക്കപ്പെട്ടത്. അസഹിഷ്ണുത, നേതാക്കളുടെ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, വിദ്യാഭ്യാസ മേഖല വരുതിയിലാക്കാന്‍ ശ്രമിക്കല്‍, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ മുഖരിതമായിരുന്നു പോയവര്‍ഷം.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം അഴിമതി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജയ്ക്ക് ഐപിഎല്‍ അഴിമതിക്കാരന്‍ ലളിത് മോദിയുമായുള്ള ബന്ധം പുറത്തായത് തുടങ്ങിയ വിവാദങ്ങളായിരുന്നു മോദി സര്‍ക്കാരിന്റെ പ്രഥമ വര്‍ഷാവസാനത്തെ ബഹളമയമാക്കിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കുന്ന ഭേദഗതി ബില്ല് മൂന്നു തവണ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടും പ്രതിഷേധം കാരണം നിയമമാക്കാനാവാതെ ഉപേക്ഷിച്ചത് ആദ്യത്തില്‍തന്നെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്.
ഉന്നത കോടതികളില്‍ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടുവന്ന ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ സുപ്രിംകോടതി റദ്ദാക്കിയതു ജുഡീഷ്യറിയില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിനേറ്റ അടിയായി വിലയിരുത്തപ്പെട്ടു. ചരക്ക് സേവന നികുതി ബില്ല് രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ നേടാനായില്ല. തിരഞ്ഞെടുപ്പ് രംഗത്ത് മോദി-അമിത് ഷാ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാണ് ഡല്‍ഹിക്ക് ശേഷം ബിഹാറില്‍ കിട്ടിയത്.
നിതീഷും ലാലുവും ഒരുമിച്ചതോടെ മോദി തരംഗം വിലപോയില്ല. പിന്നീടാണ് ചെറുസംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരമാക്കാന്‍ ശ്രമം തുടങ്ങിയത്. അരുണാചല്‍പ്രദേശില്‍ ഈ ശ്രമം വിജയം കണ്ടു. എന്നാല്‍, ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിട്ടത് കോടതിയാണ്. മോദിയുടെ തട്ടകമായ ഗുജറാത്തിലാവട്ടെ കോണ്‍ഗ്രസ്സിന് മുന്നില്‍ അടിപതറുകയായിരുന്നു ബിജെപി. അതേസമയം, ബിജെപി ഭരിക്കുന്ന ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ക്രമസമാധാന നില നഷ്ടമായത് ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരായ വികാരം സൃഷ്ടിച്ചു. ഹരിയാനയില്‍ ജാട്ട് കലാപവും ഗുജറാത്തില്‍ പട്ടേല്‍ പ്രക്ഷോഭവും കൈകാര്യം ചെയ്ത രീതിയും വിമര്‍ശിക്കപ്പെട്ടു. സമരത്തിന്റെ മറവില്‍ വ്യാപക അക്രമം നടന്നിട്ടും ഹരിയാനയില്‍ അക്രമികള്‍ക്കെതിരേ സര്‍ക്കാരിന് നടപടിയെടുക്കാനായില്ല. ഗുജറാത്തിലാവട്ടെ പട്ടേലുമാരെ പിണക്കിയതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. ഒടുവില്‍ മോശം പ്രകടനമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റാനൊരുങ്ങുകയാണ് പാര്‍ട്ടി.
സാമ്പത്തിക പ്രതിസന്ധിയാണ് ബിജെപിക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന പ്രശ്‌നം. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദിസര്‍ക്കാരിന് ഇക്കാര്യത്തില്‍ നേരിയ മുന്നേറ്റം പോലുമുണ്ടാക്കാന്‍ സാധിച്ചില്ല. നിര്‍മാണ മേഖലയില്‍ നിക്ഷേപവും വളര്‍ച്ചയും താഴുകയും കയറ്റുമതി കുറയുന്നത് തുടരുകയും ചെയ്തു. ഭക്ഷ്യ പണപ്പെരുപ്പം 34 ശതമാനമാണ് വര്‍ധിച്ചത്. അസംസ്‌കൃത എണ്ണയുടെ വില ആഗോളവിപണയില്‍ കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു. വില താഴ്ത്താതെ നികുതി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ നേട്ടം ലഭിച്ചതാവട്ടെ എണ്ണകമ്പനികള്‍ക്കും.
ആര്‍എസ്എസ് നയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് മോദി ഭരണകൂടത്തിന് കനത്ത തിരിച്ചടിയായത്. യുക്തിവാദി നേതാക്കളെ സംഘപരിവാര പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതും ബീഫ് സൂക്ഷിച്ചെന്ന് വ്യാജപ്രചാരണം നടത്തി യുപിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചുകൊന്നതും പിന്നീട് പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളും സര്‍ക്കാരിനെ ഭരണകാര്യങ്ങളില്‍ നിന്നു ശ്രദ്ധ തെറ്റിച്ചു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും രാജ്യത്തെ സര്‍വകലാശാലകളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചതും വിവാദങ്ങള്‍ ആളിക്കത്താനിടയാക്കി. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയെ ആത്മഹത്യയിലേക്കെത്തിച്ചതും കേന്ദ്രമന്ത്രിമാരുടെ നിലപാടുകളായിരുന്നു. കൂടാതെ, പലയിടങ്ങളിലും ദലിതര്‍ക്കെതിരേ വ്യാപക ആക്രമണങ്ങളുണ്ടാവുകയും ചെയ്തു. ബീഫിന്റെ പേരിലും കന്നുകാലി കടത്തിന്റെ പേരിലും കൊലകള്‍ അരങ്ങേറി.
പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും മോദി ഭരണകൂടത്തിനായില്ല.
എന്നാല്‍, വിവാദങ്ങളില്‍ തൊടാതെയാണ് ബിജെപി രണ്ടാം വര്‍ഷത്തെ വിശദീകരിക്കുന്നത്. ടെലികോം ഖനന മേഖലകളില്‍ ലേല സമ്പ്രദായം കുറ്റമറ്റതാക്കി, റോഡ് നിര്‍മാണം വേഗത്തിലാക്കി, ആധാര്‍ വഴി ആനുകൂല്യവിതരണം എളുപ്പമാക്കി, പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണ നല്‍കി തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യയില്‍ നിര്‍മിക്കുക, ശുചിത്വ ഭാരതം തുടങ്ങിയ മുന്‍ പദ്ധതികള്‍ക്ക് പുറമെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it