Flash News

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: അറസ്റ്റിലായത് നമോ ബ്രിഗേഡ് സ്ഥാപകന്‍

മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ മംഗളൂരു സ്വദേശി വിനായക ബാലിഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി നമോ ബ്രിഗേഡ് മഞ്ച് രൂപീകരിച്ച നരേഷ് ഷേണായി. മാര്‍ച്ച് 21നു പുലര്‍ച്ചെ ക്ഷേത്രത്തിലേക്കു പോവുമ്പോഴാണ് വീടിനടുത്തുവച്ച് വിനായക ബാലിഗയെ സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്.
മംഗളൂരു കാര്‍ സ്ട്രീറ്റിലെ വെങ്കിടരമണ ക്ഷേത്രത്തിലെ കോടികളുടെ അഴിമതി ഉള്‍പ്പെടെ ആര്‍എസ്എസുകാര്‍ ട്രസ്റ്റികളായ നിരവധി ക്ഷേത്രങ്ങളിലെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ പുറത്തു കൊണ്ടുവന്ന വിനായക് ബാലിഗ സംഘപരിവാരത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. മിക്ക കേസിലും പ്രതിസ്ഥാനത്തു വരുന്ന നരേഷ് ഷേണായി വിനായക് ബാലിഗയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് വാടകക്കൊലയാളികളെയും സംഘപരിവാര പ്രവര്‍ത്തകരെയും ഉപയോഗിച്ച് കൃത്യം നടത്തിയത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ നരേഷ് ഷേണായി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ കോടതി തള്ളിയതോടെ ഷേണായ് മറ്റൊരു കോടതിയില്‍ കീഴടങ്ങാനുള്ള ഒരുക്കത്തിനിടെ മംഗളൂരു സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഇപ്പോള്‍ മംഗളൂരു ജയിലിലാണ്. നേരത്തേ ഈ കേസില്‍ വാടകക്കൊലയാളികളും സംഘപരിവാര പ്രവര്‍ത്തകരുമായ വിനിത് പൂജാരി, ശിവ, ശ്രീകാന്ത്, നിഷിത് ദേവാഡിക, ഷൈലേഷ്, മഞ്ചുനാഥ ഷേണായ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
എന്നാല്‍, നരേഷ് ഷേണായിയെ കേസില്‍ നിന്നൊഴിവാക്കാന്‍ മംഗളൂരുവിലെ ബിജെപി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെയാണ് പോലിസ് നിലപാടു മാറ്റിയത്. ഹെജമാഡിയില്‍ വച്ചാണ് നരേഷ് ഷേണായിയെ പോലിസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവാക്കളെ ആര്‍എസ്എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന നമോ ബ്രിഗേഡ് മഞ്ച് മുഖാന്തരം ഇയാള്‍ കാര്‍ഗിലില്‍ കൊണ്ടുപോയി പരിശീലിപ്പിച്ചതായും വിവരം പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും സോണിയ, രാഹുല്‍ എന്നിവരെ നിശിതമായി വിമര്‍ശിച്ചും ഇയാള്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നമോ ബ്രിഗേഡ് മഞ്ച് ആര്‍എസ്എസിന്റെ ബി ടീമാണെന്നു വ്യക്തമായത്.
കാസര്‍കോട് ജില്ലയിലെ കുമ്പളയിലും നമോ ബ്രിഗേഡ് മഞ്ചിന്റെ പേരില്‍ കണ്‍വന്‍ഷനുകള്‍ നടന്നിരുന്നു. രാജ്യം ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും അതിര്‍ത്തി കാക്കാന്‍ യുവാക്കള്‍ [related]സന്നദ്ധമാവണമെന്നും ആവശ്യപ്പെട്ടാണ് സംഘടനയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. പിന്നീട് രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്‍ഗില്‍ അടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ കൊണ്ടുപോയി പരിശീലനം ന ല്‍കി തിരിച്ച് നാട്ടിലെത്തിക്കുകയാണു പതിവ്. കര്‍ണാടകയില്‍ നടന്ന മറ്റു ചില കൊലപാതക കേസുകളിലും നമോ ബ്രിഗേഡ് മഞ്ചിന് ബന്ധമുള്ളതായി സൂചനയുണ്ട്.
വിനായക് ബാലിഗയുടെ അറസ്റ്റിനു നേതൃത്വം നല്‍കിയ മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ എം ചന്ദ്രശേഖരന് നന്ദി അറിയിച്ച് ബാലിഗയുടെ സഹോദരിമാര്‍ എത്തി. സഹോദരന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ സമരത്തില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it