Pathanamthitta local

വിവരാവകാശ നിയമപ്രകാരം മറുപടി കൊടുക്കുന്നതില്‍ വീഴ്ച; അപേക്ഷകന് നഷ്ടപരിഹാരം നല്‍കണം: ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം മറുപടി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകന് നഷ്ടപരിഹാം കൊടുക്കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. പന്തളം തെക്കേക്കര, പാറക്കര, കൃഷ്ണാലയത്തില്‍ ലാലന്‍ എന്‍ 2.03.2011ല്‍ പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തില്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും മറുപടി നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് പരാതിക്ക് അടിസ്ഥാനം.
പഞ്ചായത്തില്‍ നിന്നും മറുപടി ലഭിക്കുന്നതിനുള്ള വീഴ്ചയെ തുടര്‍ന്ന് അപേക്ഷകന്‍ ഒന്നാം അപ്പീലധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിട്ടും നിയമം അനുശാസിക്കുന്ന തരത്തിലുള്ള മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അപേക്ഷകന്‍ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു. വിവരാവകാശ നിയമത്തിലൂടെ പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള സേവനം നിഷേധിച്ച സാഹചര്യത്തില്‍ അതിനുള്ള നഷ്ടപരിഹാരത്തിനായി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുമ്പാകെ പരാതി നല്‍കണമെന്ന് കമ്മീഷന്റെ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍,സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഹെഡ് ക്ലാര്‍ക്ക് ലില്ലി പി ആന്‍ഡ്രൂസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ആദ്യ അപ്പീല്‍ അധികാരിയുമായിരുന്ന ഗ്രേസ് ജൂലിയറ്റ് മെഡന്‍സ് എന്നിവരെ ഒന്നു മുതല്‍ മുന്നുവരെയുള്ള എതൃകക്ഷികളാക്കി അപേക്ഷകന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.
അഞ്ച് വര്‍ഷമായി നിരന്തരം മാനസിക പീഢനങ്ങള്‍ക്കും, നീതിനിഷേധത്തിനും ഇരയായെന്നും ഇതിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ലാലന്‍ ജില്ലാ ഉപഭോക്തൃത തര്‍ക്കപരിഹാര ഫാറം മുമ്പാകെ പരാതി നല്‍കിയത്. വിവരങ്ങള്‍ അറിയുന്നതിനായി അപേക്ഷയില്‍ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ചതിലൂടെ അപേക്ഷകന്‍ ഒരു ഉപഭോക്താവും എതൃകക്ഷികള്‍ സേവന ദാതാക്കളുമാണെന്നും ആയതിനാല്‍ നിയമാനുസരണം ശരിയായ സേവനം നല്‍കുന്നത് എതൃകക്ഷികളുടെ ഉത്തരവാദിത്വമാണെന്നും അപ്രകാരം ശരിയായ മറുപടി നല്‍കാതിരുന്നത് സേവനദാതാവിന്റെ വീഴ്ചയാണെന്നും ഫോറം വിലയിരുത്തി.
വിവരാവകാശ നിയമപ്രകാരം അപ്പീല്‍ നല്‍കുന്നതിന് അപേക്ഷകന് അവസരമുണ്ടെങ്കിലും, വിവരാവകാശ നിയമപ്രകാരമുള്ള സേവനം നിഷേധിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുന്നതിന് വിലക്കില്ലായെന്നും ഫോറം ഉത്തരവില്‍ വ്യക്തമാക്കി. ഒന്നും രണ്ടും എതൃകക്ഷികളായ പഞ്ചായത്ത് സെക്രട്ടറിയും ഹെഡ്ക്ലാര്‍ക്കും കൂടി 7500 രൂപ നഷ്ടപരിഹാരമായും കേസ് നടത്തിപ്പ് ചെലവായി 2500 രൂപയും, രണ്ട് തുകകളും ഈടാക്കിടയെടുക്കുന്ന തിയ്യതിവരെ മുഴുവന്‍ തുകയ്ക്കും പത്ത് ശതമാനം പലിശയും അപേക്ഷകന് നല്‍കണമെന്ന് ഫോറം ഉത്തരവിട്ടു. പ്രസിഡന്റ് പി സതീഷ് ചന്ദ്രന്‍ നായര്‍, അംഗങ്ങളായ കെ പി പത്മശ്രീ, ഷീല ജേക്കബ് എന്നിവരടങ്ങിയ ഫോറമാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it