വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ നീക്കം നടത്തുന്നതായി ആക്ഷേപം

കൊച്ചി: 2005ലെ വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തുന്നതായി ആക്ഷേപം. കേന്ദ്ര സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവു ലഭിച്ചു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
അപ്രസക്തവും വ്യാജവുമായ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതു മൂലം വിവിധ വകുപ്പുകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളടക്കം അഞ്ചു കാര്യങ്ങളിലാണ് സര്‍ക്കാര്‍ നിര്‍ദേശം തേടിയിരിക്കുന്നത്. ഇത് വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിവരാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
വിവിധ വകുപ്പുകള്‍ സ്വീകരിച്ച വിവരാവകാശ അപേക്ഷകള്‍, ഇതില്‍ എത്ര അപേക്ഷകളില്‍ അപേക്ഷകനു തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞു, എത്ര അപേക്ഷകര്‍ സംസ്ഥാന- കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു, വിവരാവകാശ നിയമം മൂലം ഉണ്ടായിട്ടുള്ള മറ്റു പ്രയാസങ്ങള്‍ എന്തെല്ലാം എന്നീ വിവരങ്ങളാണ് സര്‍ക്കുലറില്‍ ചോദിച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍, ജില്ലാ കലക്ടര്‍മാര്‍, വകുപ്പു തലവന്‍മാര്‍, പൊതുമേഖല- സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടാണ് സര്‍ക്കാര്‍ നിര്‍ദേശം ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നു മാത്രം നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വിവരാവകാശ സംഘടനകളുടെ നിലപാട് ആരായാന്‍ തയ്യാറാവാത്തത് നിയമഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു പറഞ്ഞു.
Next Story

RELATED STORIES

Share it