വിവരാവകാശ കമ്മീഷണറുടെ ഒഴിവുകളിലേക്കു ലഭിച്ചത് 243 അപേക്ഷകള്‍: നാല് ഒഴിവിലേക്ക് ചുരുക്കപ്പട്ടികയില്‍ 12 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ കമ്മീഷണര്‍ തസ്തികയിലേക്കു വിജ്ഞാപനമിറക്കിയപ്പോള്‍ ലഭിച്ചത് 243 അപേക്ഷകള്‍. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണു വിവരാവകാശ കമ്മീഷണര്‍മാരുടെ നാല് ഒഴിവുകളിലേക്കു നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാധ്യമപ്രവര്‍ത്തനം, മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള ഏഴു മേഖലകളില്‍ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകള്‍. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ നോമിനേഷനായിരുന്നു ഈ തസ്തികയിലേക്കു നടന്നിരുന്നത്.
കമ്മീഷണര്‍മാരുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമായി നടത്തണമെന്നാണ് സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് ആറാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണു നടപടി. ലഭിച്ച അപേക്ഷകളില്‍ നിന്ന് 12 പേരെ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. എന്നാല്‍ ഏതടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് എന്ന വിവരം സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വി ഷയം കൂടുതല്‍ നിയമപ്രശ്‌നത്തിലേക്കു കടക്കുമെന്നതിനാല്‍ വളരെ കരുതലോടെയാവും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുക.
സാധാരണ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിസഭയിലെ ഒരു അംഗവും ചേര്‍ന്നാണു വിവരാവകാശ കമ്മീഷണറെ ശുപാര്‍ശചെയ്തിരുന്നത്. കോടതി ഇടപെടലിനെത്തുടര്‍ന്ന് അഭിമുഖ പരീക്ഷ നടത്തി അംഗത്തെ തിരഞ്ഞെടുക്കാനാണു നിര്‍ദേശം. തുടര്‍ന്ന് സമിതി അഭിമുഖം നടത്തി ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറണം. നിലവിലെ സാഹചര്യത്തില്‍ 12 പേരുകള്‍ ഗവര്‍ണര്‍ക്കു കൈമാറാനാണു നീക്കം.
അത്തരത്തില്‍ നടന്നാല്‍ വിവരാവകാശ കമ്മീഷണറെ അന്തിമമായി കണ്ടെത്തുക ഗവര്‍ണര്‍ പി സദാശിവമാവും. 12,000 ത്തോളം അപ്പീലുകള്‍ വിവരാവകാശ കമ്മീഷനില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ നിയമനം എത്രയും വേഗം നടത്തണമെന്നാണു വിവരാവകാശ പ്രവര്‍ത്തകരുടെ ആവശ്യം. മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ചംഗ അംഗങ്ങള്‍ കൂടി അടങ്ങുന്നതാണ് കമ്മീഷന്‍.എന്നാല്‍ ഇതില്‍ മൂന്നുപേര്‍ വിരമിക്കുകയും ഒരാള്‍ സസ്‌പെന്‍ഷനിലുമാണ്. അതിനാല്‍ സിബി മാത്യൂസിന് പുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it