വിവരാവകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്ന് ബസ്സിയെ നീക്കി

ന്യൂഡല്‍ഹി: ജെഎന്‍യു വിവാദത്തില്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്ന ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സിയെ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കേണ്ടവരുടെ ലിസ്റ്റില്‍നിന്നു നീക്കി. കോണ്‍ഗ്രസ്സിന്റെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. ഈ മാസാവസാനം വിരമിക്കുന്ന ബസ്സി വിവരാവകാശ കമ്മീഷണര്‍സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്. മൂന്നു തസ്തികകളാണ് കമ്മീഷനില്‍ ഒഴിവുള്ളത്. പക്ഷപാതപരമായി പെരുമാറുന്ന ബസ്സിയെ നിര്‍ണായക പദവിയിലിരുത്താന്‍ പറ്റില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ബസ്സി ബിജെ പി ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചിരുന്നു.
ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കേസില്‍ കുടുക്കി, കനയ്യയെയും മാധ്യമപ്രവര്‍ത്തകരെയും കോടതിയില്‍ ആക്രമിച്ചവരെ തടയാനോ അവര്‍ക്കെതിരേ നടപടിയെടുക്കാനോ തയ്യാറായില്ല തുടങ്ങിയവയായിരുന്നു ബസ്സിക്കെതിരായ പ്രധാന ആരോപണങ്ങള്‍. അതേസമയം, സമിതി തീരുമാനം കാര്യമാക്കുന്നില്ലെന്ന് ബസ്സി പ്രതികരിച്ചു.
Next Story

RELATED STORIES

Share it