വിവരാവകാശനിയമത്തിന്റെ പത്താണ്ട്

അഡ്വ. എന്‍ കെ രാജന്‍
വിപ്ലവകരമായ നിയമങ്ങളിലൊന്നാണ് വിവരാവകാശനിയമം. പ്രമാദമായ പല അഴിമതിക്കേസുകളും പുറത്തുവന്നത് വിവരാവകാശനിയമം വഴി സംഘടിപ്പിച്ച രേഖകളിലൂടെയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ രാജിക്ക് കാരണമായ ആദര്‍ശ് ഫഌറ്റ് അഴിമതി, അസമിലെ പൊതുവിതരണസംവിധാനത്തിലെ അഴിമതി, പഞ്ചാബില്‍ ദുരിതാശ്വാസനിധി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ കാറുകളും എയര്‍കണ്ടീഷണറുകളും വാങ്ങിയ അഴിമതി എന്നിങ്ങനെ നിരവധി കേസുകള്‍ ഈ നിയമം വഴി പുറത്തുവന്നിട്ടുണ്ട്.  ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നിട്ട് 2015 ഒക്‌ടോബര്‍ 12നു 10 വര്‍ഷം പൂര്‍ത്തിയായി. ഈ നിയമം രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും മറ്റേതൊരു നിയമത്തേക്കാളും ജനകീയമായി മാറുകയും ചെയ്തിട്ടുണ്ട്.ഭരണഘടനയുടെ 19(1) അനുച്ഛേദം അനുസരിച്ച് അഭിപ്രായപ്രകടനസ്വാതന്ത്ര്യം മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. അറിയാനുള്ള അവകാശവും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ഭാഗമാകയാല്‍ മൗലികാവകാശമാണെന്ന് സുപ്രിംകോടതി ബെന്നറ്റ് കോള്‍മാന്‍ അഭി.

യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ 1973ല്‍ വിധിപ്രസ്താവിച്ചിട്ടുണ്ട്. 1975ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും രാജ്‌നാരായണും തമ്മിലുള്ള കേസിലും 1982ലെ എസ് പി ഗുപ്ത അഭി. യൂനിയന്‍ ഓഫ് ഇന്ത്യ കേസിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുക എന്നത് പൊതുനിയമമാവേണ്ട ആവശ്യകതയെക്കുറിച്ചും ഇവ രഹസ്യമാക്കിവയ്ക്കുന്നത് ഒഴിവാക്കേണ്ടതിനെ സംബന്ധിച്ചും സുപ്രിംകോടതി പ്രസ്താവിക്കുകയുണ്ടായി. മറ്റു ചില കേസുകളിലും സമാന വിധികള്‍ സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധികാലത്തെ പ്രക്ഷോഭത്തിന്റെ ഫലമായാണ് വിവരാവകാശനിയമത്തിന് രൂപംകൊടുത്തത്. 2002ല്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമം നിലവില്‍ വന്നു. പ്രസ്തുത നിയമം തുറന്ന ചര്‍ച്ചകള്‍ക്കു വിധേയമാക്കപ്പെടുകയും അവയില്‍നിന്നെല്ലാം ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്കനുസൃതമായി മികവുറ്റ രീതിയില്‍ 2004ല്‍ വിവരാവകാശ ബില്ല് കൊണ്ടുവരുകയും ചെയ്തു. പ്രസ്തുത ബില്ലാണ് 2005ല്‍ നിയമമാക്കപ്പെട്ടത്.

2005ല്‍ വിവരാവകാശനിയമം നിലവില്‍ വന്നതോടെ 2002ലെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമം റദ്ദാക്കപ്പെട്ടു. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പുതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അറിയാനുള്ള അവകാശത്തെ സംബന്ധിച്ച നിയമങ്ങള്‍ രൂപംകൊടുക്കപ്പെട്ടിട്ടുണ്ടായിരുന്നു. 1994ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും 1999ല്‍ വരുത്തിയ ഭേദഗതികള്‍ വഴി അറിയാനുള്ള അവകാശത്തെ ഉള്‍പ്പെടുത്തി. കേരള പഞ്ചായത്തീരാജ് നിയമത്തിലെ അധ്യായം 25 എയില്‍ ഉള്‍പ്പെടുന്ന 271 എ മുതല്‍ 271 ഇ വരെയുള്ള വകുപ്പുകളും കേരള മുനിസിപ്പാലിറ്റി നിയമത്തിലെ അധ്യായം 27 എയില്‍ ഉള്‍പ്പെടുന്ന 517 എ മുതല്‍ 517 ഇ വരെയുള്ള വകുപ്പുകളും അറിയാനുള്ള അവകാശത്തെ സംബന്ധിച്ചതാണ്.2005ല്‍ വിവരാവകാശനിയമം നിലവില്‍ വന്നതോടെ അറിയാനുള്ള അവകാശം സംബന്ധിച്ച സമഗ്ര നിയമനിര്‍മാണമാണു പ്രാവര്‍ത്തികമായത്.

പൊതുസമൂഹത്തെ കാര്‍ന്നുതിന്നുന്ന മാരക വിപത്താണ് ഭരണരംഗത്തെ അഴിമതി. അഴിമതി നിരോധന നിയമം പോലുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അഴിമതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നതായി കാണാം. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമല്ലാതെ വരുന്നതും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി തുടരുന്നതും അഴിമതി വര്‍ധിക്കുന്നതിനു കാരണമാണ്. നിയമങ്ങള്‍ നടപ്പാക്കേണ്ടവര്‍ തന്നെ അഴിമതിക്ക് അടിമപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് വിവരാവകാശനിയമത്തിന് പ്രസക്തിയേറുന്നത്. വിവരാവകാശനിയമം പ്രയോഗത്തില്‍ വരുത്തുന്നത് യഥാര്‍ഥത്തില്‍ ജനങ്ങള്‍ തന്നെയാണ്. അവ നടപ്പില്‍വരുത്തുന്നതിന് തടസ്സമാവുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന ചുമതല മാത്രമേ കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ക്കുള്ളൂ. ഓഫിസുകള്‍ കയറിയിറങ്ങി ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ സമീപനങ്ങളും അവഹേളനവും സഹിച്ച് ഇറങ്ങിവരേണ്ട ഗതികേട് പൊതുസമൂഹത്തിന് ഈ നിയമത്തിലൂടെ മാറിക്കിട്ടി എന്നതാണ് ഇതിന്റെ പ്രധാന മേന്മ.

ഏതു രേഖകളും ലഭിക്കാനുള്ള പൗരന്റെ അവകാശം സമൂഹത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും കുറയ്ക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കും എന്നതില്‍ സംശയമില്ല. ക്രമപ്രകാരമാണ് കാര്യങ്ങളെല്ലാം നടക്കുന്നതെങ്കില്‍ കൈക്കൂലിയും സ്വജനപക്ഷപാതവും ഒഴിവാക്കാന്‍ ഭരണതലത്തിലുള്ളവരും ഉദ്യോഗസ്ഥതലത്തിലുള്ളവരും നിര്‍ബന്ധിക്കപ്പെടുന്നതാണ്. അതുവഴി സുതാര്യവും അഴിമതിരഹിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ വിവരാവകാശനിയമത്തിന് വലിയ പങ്കുവഹിക്കാനും കഴിയും.ആവശ്യമുള്ള വിവരങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി 10 രൂപ ഫീസടച്ച് ഏതൊരു പൗരനും സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും വകുപ്പുകളില്‍നിന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിനു വിധേയമായോ സര്‍ക്കാരില്‍നിന്നു ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്നതോ ആയ ഏതൊരു ഓഫിസില്‍നിന്നും ആവശ്യപ്പെടാവുന്നതാണ്.

ഏത് ഓഫിസില്‍നിന്നാണോ വിവരം ലഭിക്കേണ്ടത് ആ ഓഫിസില്‍ ചുമതലപ്പെടുത്തപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കോ, നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കാം. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വകുപ്പുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് പേജ് ഒന്നിന് രണ്ടുരൂപയും മറ്റു രൂപങ്ങളിലുള്ളവയ്ക്ക് അവയുടെ യഥാര്‍ഥ ചെലവും നല്‍കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെടുമ്പോള്‍ അവ നല്‍കണമെന്നുമാത്രം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസിലും ചെലവിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന വിവരങ്ങള്‍ 30 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ ചെലവ് ആവശ്യപ്പെടാതെ തന്നെ വിവരങ്ങള്‍ നല്‍കണമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവനുമായോ വ്യക്തിസ്വാതന്ത്ര്യവുമായോ ബന്ധപ്പെട്ട വിവരങ്ങളാണെങ്കില്‍ അവ 48 മണിക്കൂറിനകം നല്‍കിയിരിക്കണം.

എന്നാല്‍, രാജ്യസുരക്ഷയുമായും കേസന്വേഷണങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് അനിവാര്യമായിരിക്കയാല്‍ ചില സ്ഥാപനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഏതൊക്കെ സ്ഥാപനങ്ങളെയാണ് ഇപ്രകാരം ഒഴിവാക്കിയതെന്ന് നിയമത്തിന്റെ രണ്ടാം പട്ടികയില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന 30 ദിവസത്തിനകം ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭിക്കാത്ത പൗരന് ഒന്നാം അപ്പീല്‍ അധികാരി മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീലിലെ ഉത്തരവും തൃപ്തികരമല്ലാതെ വരുകയോ തീരുമാനമെടുക്കാതെ വരുകയോ ആണെങ്കില്‍ വിവരാവകാശ കമ്മീഷന് 90 ദിവസത്തിനകം രണ്ടാം അപ്പീലും സമര്‍പ്പിക്കാം. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുടെ തെറ്റായ ഉത്തരവുകള്‍ക്കും നടപടികള്‍ക്കുമെതിരേ കമ്മീഷന് നേരിട്ടു പരാതി നല്‍കാനും പൗരന് അവകാശമുണ്ട്.

ഉത്തരവാദിയായ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരങ്ങള്‍ യഥാസമയം നല്‍കാതിരുന്നാല്‍ എത്ര ദിവസമാണോ വൈകിയത് അത്രയും ദിവസത്തേക്ക് ദിവസമൊന്നിന് 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപ വരെ പിഴചുമത്താനും വിവരാവകാശ കമ്മീഷന് അധികാരമുണ്ട്.ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് പ്രാദേശികതലം മുതല്‍ ദേശീയതലം വരെയുള്ള പല അഴിമതികളും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. വിവരാവകാശനിയമം നിരന്തരം ഉപയോഗപ്പെടുത്തി പല രേഖകളും സംഘടിപ്പിച്ച് അഴിമതിയും സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തുമായി നിരവധിപേര്‍ക്ക് ജീവഹാനി വരെ സംഭവിച്ചത് മാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് മറ്റേതൊരു നിയമത്തേക്കാളും ജനസമ്മതി നേടുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തി പല അഴിമതിക്കേസുകളും പുറത്തുകൊണ്ടുവരുന്നതിനും നിയമത്തിനു കഴിഞ്ഞെങ്കിലും ഇതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നിയമം നടപ്പാക്കിയതില്‍നിന്ന് ഈ നിയമത്തിനുള്ള മേന്മകളും പോരായ്മകളും വിലയിരുത്തി അനിവാര്യമായ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതൊരിക്കലും നിയമത്തെ നിയന്ത്രിച്ചുകൊണ്ടാവരുത്. മറിച്ച് വിവരാവകാശനിയമത്തിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചതുപോലെ പൊതുഅധികാരസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തങ്ങളും വര്‍ധിപ്പിക്കുന്നതിനും അവയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള വിവരങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ക്രിയാത്മകമായ ഭേദഗതികളാണു വേണ്ടത്.നിയമത്തിന്റെ ചില പ്രധാന പോരായ്മകള്‍ കൂടി സൂചിപ്പിക്കുന്നത് ഈ അവസരത്തില്‍ വളരെ പ്രസക്തമായിരിക്കും.കേരള കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്റ്റിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണസംഘങ്ങള്‍ വിവരാവകാശനിയമത്തിനു കീഴില്‍ വരുന്നതല്ലെന്ന് 2013 ഒക്‌ടോബറില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി സഹകരണസ്ഥാപനങ്ങള്‍ക്കുമേല്‍ ഈ നിയമത്തിന്റെ പ്രയോഗം പരിമിതപ്പെടുത്തുന്നതാണ്. ഇതനുസരിച്ച് സഹകരണസംഘങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടു ലഭിക്കുന്ന അപേക്ഷകളില്‍ രജിസ്ട്രാര്‍ക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ മാത്രമേ നിയമപ്രകാരം വെളിപ്പെടുത്തപ്പെടുകയുള്ളൂ.

നമ്മുടെ നാട്ടില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുണ്ടെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും നടമാടുന്ന സഹകരണസംഘങ്ങളുമുണ്ട്. പൊതുജനത്തിന്റെ പണംകൊണ്ട് ഇത്തരം സ്ഥാപനങ്ങളിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അഴിമതി പുറത്തുവരാതിരിക്കാന്‍ വിധി പ്രയോജനപ്പെടുത്തുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ പൊതുജനത്തിന്റെ പണംകൊണ്ട് നിലനില്‍ക്കുന്ന സഹകരണസ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരേണ്ടതാണ്.വിവരാവകാശനിയമത്തിലെ രണ്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ട സംഘടനകളുടെ എല്ലാവിവരങ്ങളും നിഷേധിക്കപ്പെടുന്നത് അഴിമതി ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ കാരണമാവുന്നതാണ്.

രാജ്യരക്ഷയുമായോ കേസന്വേഷണവുമായോ നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കി ബാക്കി എല്ലാ വിവരങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. നിലവില്‍ ഈ സംഘടനകളുടെ മനുഷ്യാവകാശലംഘനവും അഴിമതിയാരോപണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെങ്കിലും സ്ഥാപനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന തെറ്റായ കാരണം പറഞ്ഞ് വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതു പതിവാണ്.ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2013ലെ ഉത്തരവിനെ എതിര്‍ത്തുതോല്‍പ്പിക്കുന്നതിനു വേണ്ടി വിവരാവകാശനിയമത്തിലെ രണ്ടാംവകുപ്പിലെ (എച്ച്) എന്ന ഉപവകുപ്പിലെ 'പൊതുഅധികാരി' എന്ന നിര്‍വചനം ഭേദഗതി ചെയ്ത് 2013 ആഗസ്തില്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി.

നമ്മുടെ ഭരണസംവിധാനത്തെയും നയപരമായ തീരുമാനങ്ങളെയും തീരുമാനിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ പൊതുസമൂഹത്തിന് രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള മതിപ്പും വിശ്വാസവും വര്‍ധിക്കുന്നതിനു കാരണമാവും. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയസംഘടനകളൊന്നും തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് സ്വമേധയാ തയ്യാറാവുന്നില്ലെന്നു മാത്രമല്ല, വിവരാവകാശ കമ്മീഷന്റെ മേല്‍ സൂചിപ്പിച്ച ഉത്തരവിനെതിരേ രംഗത്തുവരുകയും ചെയ്യുന്നതായാണു കാണാന്‍ കഴിയുന്നത്.വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും പിഴശിക്ഷകളും നടത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിയമത്തില്‍ വ്യക്തമാക്കുന്നില്ലെന്നത് നിയമത്തിന്റെ പ്രധാന പോരായ്മയാണ്. പരമാവധി 25,000 രൂപ വരെ പിഴശിക്ഷ വിധിക്കാമെങ്കിലും അവ നല്‍കിയില്ലെങ്കില്‍ ഏതു മാര്‍ഗത്തിലൂടെ വിധി നടപ്പാക്കുമെന്നത് അവ്യക്തമാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരം നിയമഭേദഗതിയിലൂടെ കൊണ്ടുവരേണ്ടതും ആവശ്യമാണ്.നിയമത്തിന്റെ പോരായ്മകളോടൊപ്പം തന്നെ വിലയിരുത്തേണ്ട മറ്റൊരു കാര്യമാണ് ഇതിന്റെ ദുരുപയോഗം.

വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിനും ഉദ്യോഗസ്ഥരെ കഷ്ടപ്പെടുത്തുന്നതിനും വേണ്ടി മാത്രം ഒട്ടനവധി വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നത് കണ്ടുവരുന്നു. ഇങ്ങനെ ഒട്ടനവധി അപേക്ഷകള്‍ ഒരുമിച്ചു ലഭിക്കുന്നത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കുന്നതിന് തടസ്സം സൃഷ്ടിക്കും. പരമാവധി വിവരങ്ങള്‍ ക്രോഡീകരിച്ച് ഓരോ ഓഫിസും വകുപ്പും സംഘടനകളും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി അതിനു പ്രചാരം നല്‍കുന്നത് ഓഫിസുകളില്‍ അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനും അതുവഴി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും വഴിതെളിയിക്കും. അതിനാല്‍ ഓരോ വകുപ്പും ഓഫിസുകളും പരമാവധി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി കൈക്കൊള്ളാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.10 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഈ നിയമത്തിന്റെ പ്രാധാന്യവും പരിമിതികളും മനസ്സിലാക്കാവുന്നതാണ്.

പൊതുസമൂഹത്തിന് അപ്രാപ്യമായിരുന്ന ഒട്ടനവധി വിവരങ്ങള്‍ അവരുടെ കൈകളിലെത്തുന്നതിന് നിയമം വളരെയേറെ സഹായകരമായിട്ടുണ്ട്. ഉദാത്ത ജനാധിപത്യസംവിധാനത്തില്‍ പൊതുജനം വെറുമൊരു വോട്ടര്‍ മാത്രമല്ല, ഭരണരംഗത്തെ കുറ്റങ്ങളും കുറവുകളും പുറത്തുകൊണ്ടുവന്ന് തുറന്നെതിര്‍ക്കാന്‍ കെല്‍പ്പും ഉത്തരവാദിത്തബോധവുമുള്ള പൗരനാണെന്നുകൂടി തെളിയിക്കുന്നതിനും ഭരണനിര്‍വഹണം നടത്തുന്നവര്‍ പൗരന്മാരോട് ബാധ്യതപ്പെട്ടവരാണെന്നുള്ള ചുമതലാബോധം സൃഷ്ടിക്കുന്നതിലും വിവരാവകാശനിയമത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞെന്നതില്‍ സംശയമില്ല.

(വിവരാവകാശനിയമം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകന്‍.)....
Next Story

RELATED STORIES

Share it