വിവരാവകാശനിയമം:  വിജിലന്‍സിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം: വിവരാവകാശനിയമവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ വിവാദ ഓഫിസ് ഓര്‍ഡര്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് പിന്‍വലിക്കുന്നത്.
അതേസമയം, വിജിലന്‍സിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ വിജ്ഞാപനം നിലനില്‍ക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2009ലും 2010ലും 2012ലും വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് അടിസ്ഥാനമാക്കിയാണ് ഇതുസംബന്ധിച്ച ഫയലുണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിജിലന്‍സിലെ ടി ബ്രാഞ്ച് (രഹസ്യവിഭാഗം) കൈകാര്യം ചെയ്യുന്ന കേസുകളില്‍ വിവരം നല്‍കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവരുടെ വിശദാംശം പുറത്തുവിടരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വിജിലന്‍സിന് രഹസ്യമായി വിവരം നല്‍കുന്നവര്‍ ആരാണെന്ന് പുറത്തുവിടുന്നത് അവരുടെ ജീവന് ഭീഷണിയാവുമെന്നുകൂടി പരിഗണിച്ചാണിത്. വിജിലന്‍സിന് വിവരം നല്‍കാന്‍ ആളുകള്‍ മടികാണിക്കുന്ന സാഹചര്യമുണ്ടാവും. ഇതൊക്കെ പരിഗണിച്ചാണ് ടി ബ്രാഞ്ചിനെ വിവരാവാകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്. ഇതിന്റെ ചുവടുപിടിച്ച് 2016 ജനുവരി 18ന് ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു ജനപ്രതിനിധികളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളും വന്നത് ഈ ഓഫിസ് ഓര്‍ഡറിലാണ്. ഉത്തരവ് പിന്‍വലിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടി ബ്രാഞ്ചിനെ വിവരാവകാശപരിധിയില്‍നിന്ന് ഒഴിവാക്കിയത് തുടരണമെന്നാണ് വിജിലന്‍സും വകുപ്പു സെക്രട്ടറിമാരും അറിയിച്ചത്. തമിഴ്‌നാട്ടില്‍ വിജിലന്‍സിനെ പൂര്‍ണമായി വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിജിലന്‍സില്‍ ആറ് സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രഹസ്യവിവരം ശേഖരിക്കുന്ന വിഭാഗമാണ് ടി ബ്രാഞ്ച്.
അന്വേഷണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ഇവരുടെ പരിധിയില്‍ വരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ ഓഫിസ് ഓര്‍ഡര്‍ ഇറക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Next Story

RELATED STORIES

Share it