വിഴിഞ്ഞം പദ്ധതി: സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചില്ല

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിന്‍മേല്‍ സ്‌റ്റേ അനുവദിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. പരിസ്ഥിതി സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടുത്ത ജനുവരി ആറിന് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കും.
പദ്ധതിക്ക് വിരുദ്ധമായി കോടതിയില്‍നിന്ന് നടപടിയുണ്ടായാല്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും തുറമുഖ കമ്പനിയും കോടതിക്ക് ഉറപ്പു നല്‍കി. ഇക്കാര്യം കോടതി രേഖപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി അനുമതി ചോദ്യംചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രൈബ്യൂണലിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കേ നിര്‍മാണപ്രവര്‍ത്തനങ്ങ ള്‍ തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാ ല്‍, പരിസ്ഥിതി അനുമതി ഉള്‍പ്പെടെയുള്ളവ നേടിയാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്നും ഇതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തുറമുഖ കമ്പനിക്കുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് വ്യക്തമാക്കി. ട്രൈബ്യൂണലിന്റെ നടപടികള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it