വിഴിഞ്ഞം പദ്ധതി എല്‍ഡിഎഫ്  എതിര്‍ക്കില്ല: പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിഴിഞ്ഞം പദ്ധതിക്കായി അദാനിയുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കില്ല.
വിഴിഞ്ഞം അദാനിക്ക് തീറെഴുതുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നതെങ്കിലും അതു റദ്ദാക്കാന്‍ പോയാല്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി നിയമക്കുരുക്കിലാവാനും പദ്ധതി പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടാനുമിടയാക്കും. വിഴിഞ്ഞം പദ്ധതിയെയല്ല സിപിഎം എതിര്‍ത്തത്. മറിച്ച് കരാര്‍ വ്യവസ്ഥകളെയാണ്. സ്വകാര്യമുതലാളിക്കു ലാഭമുണ്ടാക്കുന്ന നിര്‍ദേശത്തോടാണ് വിയോജിപ്പു പ്രകടിപ്പിച്ചതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സമൂലമായ ഭരണപരിഷ്‌കാരം അനിവാര്യമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. അതുപോലെ തന്നെ അവരുടെ ജോലി ചെയ്യുകയെന്നതും പ്രധാനമാണ്. അങ്ങനെയുണ്ടാവുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരിക്കുന്നവര്‍ക്കു തന്നെയാണ്.
സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നതിന് ഒരു ചട്ടക്കൂടുണ്ട്, മേലുദ്യോഗസ്ഥരുണ്ട്. അവര്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ജീവനക്കാരും അങ്ങനെയാവുന്നത്. ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം കൃത്യമായി ലഭിക്കണം.
ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പോലും ശുപാര്‍ശയും മറ്റുചില കാര്യങ്ങളും ചെയ്യേണ്ട അവസ്ഥയുണ്ട്. ഈ സ്ഥിതി മാറണം. സര്‍വീസ് മേഖല അവരുടെ പങ്ക് കൃത്യമായി വിനിയോഗിക്കുന്നില്ല. ഭരിക്കുന്നവര്‍ക്ക് ഇവരെ ശരിയായി നയിക്കാന്‍ കഴിയണം. വികസനപദ്ധതികളെ എതിര്‍ക്കുന്നവരെല്ലാം പദ്ധതി പ്രദേശത്തുള്ളവരോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസം നേരിടുന്നവരോ അല്ല. ഇത്തരം വികസനവിരുദ്ധര്‍ സാമൂഹികവിരുദ്ധരാണ്.
വികസനവിരുദ്ധരാണെന്ന പ്രചാരണം സിപിഎമ്മിനെതിരേ ചിലര്‍ അഴിച്ചുവിടുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിനെ ആരു നയിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ച ചെയ്യുമെന്നും പിണറായി മറുപടി നല്‍കി.
മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ളവര്‍ സിപിഎമ്മില്‍ 25കാരന്‍ മുതല്‍ 90കാരന്‍വ—രെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it